ആഡംബര വിവാഹം, നാട്ടിക എംഎല്‍എ ഗീതാ ഗോപിയോട് സിപിഐ വിശദീകരണം തേടും

തൃശ്ശൂര്‍: പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മകളുടെ ആഡംബര വിവാഹം നടത്തിയ നാട്ടിക എംഎല്‍എ ഗീതാ ഗോപിയോട് സിപിഐ വിശദീകരണം തേടും. തൃശ്ശൂര്‍ ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്സിക്യൂട്ടിവാണ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടത്.

പാര്‍ട്ടി നിലപാടിന് വിരുദ്ധമായി നടന്ന വിവാഹത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ അണിഞ്ഞ് ഗീതാ ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

പ്രമുഖ സിപിഐ നേതാക്കള്‍ പങ്കെടുത്ത കല്ല്യാണത്തിന് എംഎല്‍എയുടെ മകള്‍ അണിഞ്ഞത് 200 പവനിലധികം സ്വര്‍ണമാണ്. സ്വര്‍ണമടക്കം വസ്ത്രങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കുമായി ചെലവാക്കിയതാകട്ടെ ഒരു കോടിയിലധികം രൂപയാണ്.

ആഡംബരം വിവാഹങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സിപിഐയുടെ മുതിര്‍ന്ന നേതാവ് മുല്ലക്കര രത്നാകരന്‍ പ്രസംഗിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള അംഗവും എംഎല്‍എയുമായ ഗീതാ ഗോപിയുടെ മകളുടെ വിവാഹം ആഡംബരമായി നടന്നത്. എന്നാല്‍ സംഭവം സംബന്ധിച്ചോ നടപടി എടുക്കുന്നത് സംബന്ധിച്ചോ നേതാക്കള്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യായിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ തന്നെ സംഭവം ചര്‍ച്ച ചെയ്ത് താക്കീതില്‍ ഒതുക്കാനാണ് സാധ്യത.

2004, 2009-ലും ഗുരുവായൂര്‍ നഗരസഭയുടെ ചെയര്‍പേര്‍സണ്‍, 2004 മുതല്‍ സിപിഐ. ജില്ലാ കമ്മിറ്റിയംഗം, മഹിളാ സംഘം ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ട്. സിപിഐയുടെ താഴെ തട്ടില്‍ പ്രവര്‍ത്തിച്ച് എംഎല്‍എയായ നേതാവാണ് ഗീതാ ഗോപി. കൂടാതെ എംഎല്‍എയുെട ഭര്‍ത്താവ് ഗോപി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ ഉയര്‍ന്ന ഉദ്ദോഗസ്ഥനാണ്. ജൂണ്‍ നാലിന്‍ ഗുരുവായൂരില്‍ വെച്ചായിരുന്നു ഗീതാ ഗോപിയുടെ മകള്‍ ശില്‍പയുടെ വിവാഹം.

Top