വ്യത്യസ്തനായ ഒരു ‘ബാർബറാകാം’ പക്ഷേ, കമ്യൂണിസ്റ്റാവാൻ നോക്കരുത്

തൊരു തുറന്ന വിമര്‍ശനമാണ്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്തു തന്നെ പറയണമെന്നുള്ളതു കൊണ്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിന്റെ നിര്‍ണ്ണായകമായ ദിശാ സന്ധ്യയില്‍ തുടര്‍ഭരണമെന്ന ഇ.എം.എസിന്റെ രാഷ്ട്രീയ സ്വപ്നത്തിനു കാവലിരിക്കേണ്ടവര്‍ തന്നെ ഒരിക്കലും വിവരക്കേട് കാണിക്കാന്‍ പാടുള്ളതല്ല. എന്നാല്‍, ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഇടതു മനസ്സുകളെ നോവിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കൊടിയുടെ നിറം പോലെ തന്നെ പ്രധാനമാണ് സ്ഥാനാര്‍ത്ഥികളുടെ മുഖങ്ങളും. പ്രത്യേകിച്ച് നവ മാധ്യമങ്ങളുടെ പുതിയ കാലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പ്രാധാന്യം വളരെ കൂടുതലാണ്. ഇക്കാര്യം കൂടി പരിഗണിച്ചാവണം സി.പി.എമ്മും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കേണ്ടത്. പൊതു സമൂഹം പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയായി എതിരാളികള്‍ ചൂണ്ടിക്കാട്ടുന്ന അന്‍വറിനെ പോലെയുള്ള രാഷ്ട്രീയ വ്യക്തിത്വങ്ങളെ വീണ്ടും അവരോധിക്കുന്നത് വഴി പ്രളയാനന്തര കേരളത്തോടുള്ള കൊഞ്ഞനം കുത്തലായാണ് അതു വിലയിരുത്തപ്പെടുക. തുടര്‍ച്ചയായി രണ്ടു തവണ വിജയിച്ചവര്‍ക്ക് സീറ്റു നല്‍കേണ്ടതില്ലെന്ന സി.പി.എം തീരുമാനം സ്വാഗതാര്‍ഹമാണ്.

വൈപ്പിനില്‍ എസ്.ശര്‍മ്മ മത്സരിക്കാതിരിക്കുന്നതും നല്ല തീരുമാനമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ മണ്ഡലത്തിന്റെ പൊതു സ്വഭാവം കൂടി പരിഗണിക്കുന്നതും നല്ലതായിരിക്കും. കോഴിക്കോട് നോര്‍ത്ത് പോലുള്ള മധ്യവര്‍ഗ്ഗ മണ്ഡലത്തില്‍ ജനപ്രിയനും വികസന നായകനുമായ എ പ്രദീപ് കുമാറിനെ മാറ്റുന്നത് തിരിച്ചടിയാകുമോ എന്നത് സി.പി.എം സംസ്ഥാന നേതൃത്വം ഗൗരവമായി തന്നെ വിലയിരുത്തേണ്ട കാര്യമാണ്.

സുജനപാലിനെ പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ മുന്‍പ് വിജയിച്ച മണ്ഡലം കൂടിയാണ് ഇതെന്നതും ആരും മറന്നു പോകരുത്. പ്രദീപ് കുമാറിന്റെ ഇടപെടലിന്റെ ഭാഗമായാണ് നടക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നത്. കേരളത്തിലുട നീളം പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ടതും ഈ മാതൃക പിന്‍തുടര്‍ന്നാണ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ജനങ്ങള്‍ ഇപ്പോഴും പ്രദീപ് കുമാറിനെ ആഗ്രഹിക്കുന്നുണ്ട് എന്നതും ഗൗരവമായി തന്നെ സി.പി.എം മുഖവിലക്കെടുക്കേണ്ട കാര്യമാണ്. കൊല്ലത്ത് നടന്‍ മുകേഷ് വീണ്ടും എം.എല്‍.എ ആയതു കൊണ്ട് എന്താണ് പ്രയോജനമെന്ന കാര്യവും സി.പി.എം നേതൃത്വം വിലയിരുത്തേണ്ടത് തന്നെയാണ്. ഇതുസംബന്ധമായി ജില്ലാ നേതൃത്വത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെയും ആര്‍ക്കും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ഇതിനേക്കാള്‍ ഒക്കെ അപ്പുറം, സംസ്ഥാനത്ത് സി.പി.എമ്മിനെ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് തരൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമായിരിക്കും.

സി.പി.എമ്മിന്റെ ചെങ്കോട്ടയായ മണ്ഡലത്തിലേക്ക് മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീലയെ കെട്ടിയിറക്കിയാല്‍ അത് വലിയ പ്രത്യാഘാതമാണുണ്ടാക്കുക. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ മൂല്യങ്ങള്‍ക്കും കൊടി അടയാളത്തിനും ഏറെ പിന്തുണയുള്ള പാലക്കാടന്‍ മണ്ണില്‍ കുടുംബ വാഴ്ചക്ക് വഴിമാറുക വഴി കേരളം ഉടനീളം ഇടതു വിരുദ്ധ പ്രചാരണ പ്രവര്‍ത്തനത്തിന് എതിരാളികള്‍ക്ക് ആയുധം നല്‍കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. സി.പി.എം കേന്ദ്ര കമ്മറ്റി അംഗം കൂടിയായ എ.കെ ബാലന്‍ നിരവധി തവണ എം.എല്‍.എയായും എം.പിയായും കെ.എസ്.എഫ്.ഇ ചെയര്‍മാനായും ജില്ലാ കൗണ്‍സില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ച നേതാവാണ്. മന്ത്രി സ്ഥാനവും പലവട്ടം ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

പിണറായി സര്‍ക്കാറില്‍ പട്ടികജാതി ക്ഷേമം, നിയമം, പാര്‍ലമെന്ററി കാര്യം, സാംസ്‌ക്കാരിക വകുപ്പുകളാണ്, അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ഇത്രയും വലിയ പരിഗണന പാര്‍ട്ടി നല്‍കിയിട്ടും അധികാര മോഹം ഇപ്പോഴും ആ കുടുംബത്തില്‍ തുടരുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. പുതു തലമുറക്ക് വേണ്ടി മാറി നില്‍ക്കുന്നതിനു പകരം ഭാര്യക്ക് വേണ്ടി മാറി നില്‍ക്കാനാണ് എ.കെ ബാലന്‍ ഇപ്പോള്‍ ശ്രമിച്ചിരിക്കുന്നത്. ഇത്, തരൂര്‍ മണ്ഡലത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ തന്നെ പരീക്ഷിക്കുന്നതാണ്. ജനാധിപത്യത്തോടുള്ള അവഹേളനമായും ഈ നീക്കത്തെ വിലയിരുത്താവുന്നതാണ്. സംവരണ മണ്ഡലമായ തരൂരില്‍ ജനപ്രിയരായ നിരവധി സഖാക്കള്‍ ഉണ്ട്.ആര്‍.എസ്.എസുകാര്‍ വധിക്കാന്‍ ശ്രമിച്ചിട്ടും മരണത്തിനു കീഴടങ്ങാതെ ജീവിക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം കെ.രതീശും ഈ കൂട്ടത്തില്‍പ്പെടും.

ak balan

സി.പി.എം സംഘടനയായ പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി പൊന്നുക്കുട്ടനും തരൂര്‍ മണ്ഡലത്തില്‍പ്പെട്ട നേതാവാണ്. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും ബാലന്റെ ഒപ്പം പരിഗണിക്കപ്പെട്ട നേതാവു കൂടിയാണ് പൊന്നുക്കുട്ടന്‍. ഇത്തവണ എ.കെ ബാലനു പകരം പുതുമുഖങ്ങള്‍ വരുമെന്ന് പ്രതീക്ഷിച്ച സി.പി.എം അണികള്‍ ജില്ലാ നേതൃത്വത്തിന്റെ നിലവിലെ ശുപാര്‍ശ കണ്ട് അമ്പരന്നു നില്‍ക്കുകയാണ്. എ.കെ ബാലന്റെ ഭാര്യയെ ഒരു കാരണവശാലും അംഗീകരിക്കില്ലന്ന നിലപാടിലാണ് വലിയ വിഭാഗവുമുള്ളത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലും ഈ എതിര്‍പ്പ് പ്രകടമായിരുന്നു. തരൂരിലെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഉചിതമായ നിലപാട് സ്വീകരിക്കണമെന്നതാണ് സഖാക്കളുടെ ഒറ്റക്കെട്ടായ ആവശ്യം. അതല്ലങ്കില്‍ തിരഞ്ഞെടുപ്പ് ദിവസം കാണാമെന്ന വെല്ലുവിളിയും അനുഭാവികള്‍ക്കിടയിലുണ്ട്. ഇത് തരൂരിലെ മാത്രം വികാരമല്ലെന്നത് സി.പി.എം നേതൃത്വം മനസ്സിലാക്കണം.

സംസ്ഥാന വ്യാപകമായി മന്ത്രി ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ ചര്‍ച്ച തന്നെയാണ്. രാഷ്ട്രീയ എതിരാളികള്‍ ഇപ്പോള്‍ തന്നെ ഈ കുടുംബ വാഴ്ച ആയുധമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച എന്നത് കോണ്‍ഗ്രസ്സിന്റെ സംസ്‌കാരമാണ്, അതല്ലാതെ കമ്യൂണിസ്റ്റുകളുടെ സംസ്‌കാരമല്ല. അതുകൊണ്ടു തന്നെയാണ് പി.കെ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ശുപാര്‍ശയും ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സി.പി.എം ചെങ്കോട്ടയായ തരൂരില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും വിജയിച്ചു കൊള്ളും എന്ന അഹന്ത ഏതെങ്കിലും നേതാവിനുണ്ടെങ്കില്‍ അയാള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് എന്നു തന്നെ കരുതേണ്ടി വരും. ആലത്തൂര്‍ ലോകസഭ മണ്ഡലം തന്നെ അതിനു ഒന്നാന്തരം ഉദാഹരണമാണ്.

ഏതു കാലാവസ്ഥയിലും ഏതു വെല്ലുവിളികള്‍ക്കിടയിലും ചെങ്കൊടി പാറുന്ന ആലത്തൂര്‍ ലോകസഭ മണ്ഡലത്തില്‍ ഇത്തവണ സി.പി.എം പരാജയപ്പെടാന്‍ കാരണവും സ്ഥാനാര്‍ത്ഥിക്കെതിരായ വികാരമായിരുന്നു. ഈ നിലപാട് തന്നെയാണ് വീണ്ടും തരൂരിലും തുടരാന്‍ ശ്രമിക്കുന്നതെങ്കില്‍ വലിയ വിലയാണ് ഇടതുപക്ഷത്തിനു കൊടുക്കേണ്ടി വരിക. അതാകട്ടെ, തരൂരില്‍ മാത്രമായി ഒതുങ്ങിയെന്നും വരികയില്ല. ഇക്കാര്യത്തില്‍ ഇനി ഉചിതമായ തീരുമാനം സ്വീകരിക്കേണ്ടത് സി.പി.എം സംസ്ഥാന നേതൃത്വമാണ്. ആ അന്തിമ തീരുമാനത്തിനായാണ് തരൂരിലെ ജനങ്ങളും നിലവില്‍ കാത്തിരിക്കുന്നത്.

Top