കണ്ണൂര്‍: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സിപിഐഎം-ബിജെപി സമാധാന ചര്‍ച്ച അവസാനിച്ചു.
ഇരു പാര്‍ട്ടികളും അക്രമത്തിന് മുന്നിട്ടിറങ്ങില്ലെന്ന് ചര്‍ച്ചയില്‍ ധാരണയായി. താഴേതട്ടില്‍ വരെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി.
ഏറ്റവുംകൂടുതല്‍ സംഘര്‍ഷങ്ങള്‍ നടന്ന തലശേരിയിലും പയ്യന്നൂരിലും പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം പത്ത് ദിവസത്തിനുള്ളില്‍ വിളിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
ചര്‍ച്ച സൗഹൃദപരമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. മാത്രമല്ല ഒരു സിപിഐഎം പ്രവര്‍ത്തകനും ഇനി അക്രമത്തില്‍ പങ്കെടുക്കില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണയെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംസ്ഥാനത്ത് അക്രമങ്ങള്‍ ആവര്‍ത്തിച്ചതിനാലാണ് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരാണ് ചര്‍ച്ച നയിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി മധുസൂദനന്‍ തലശ്ശേരി ഏരിയ സെക്രട്ടറി പവിത്രന്‍ എന്നീ സിപിഐഎം നേതാക്കളും, ബിജെപിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റിന് പുറമെ ബിജെപി ജില്ലാപ്രസിഡന്റ് സത്യപ്രകാശ്, മുന്‍ പ്രസിഡന്റ് രജ്ഞിത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.