സിപിഐഎം കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് ബിജെപിയെ സഹായിക്കാന്‍: എം കെ രാഘവന്‍

കോഴിക്കോട്: സിപിഐഎം കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് ബിജെപിയെ സഹായിക്കാനെന്ന് സ്ഥാനാര്‍ത്ഥിയും എംപിയുമായ എം കെ രാഘവന്‍. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്താന്‍ സിപിഐഎമ്മിന് ആകില്ല. കോണ്‍ഗ്രസിനെ കുറ്റം പറയുന്ന സിപിഐഎം രാജ്യത്ത് എത്ര സീറ്റില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലൊതുങ്ങുന്ന പാര്‍ട്ടിക്ക് ഇന്ത്യയെ നയിക്കാനാകില്ല. ദേശീയ തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താനാണെങ്കില്‍ സിപിഐഎം ഇന്‍ഡ്യ മുന്നണിയില്‍ നില്‍ക്കണം.

കോഴിക്കോട് മണ്ഡലത്തില്‍ എംപിമാരുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. കോഴിക്കോടന്‍ ജനത പ്രബുദ്ധരാണ്. രാഹുല്‍ തരംഗം ഇത്തവണയും ഉണ്ടാകും. എം കെ രാഘവന്റെ പ്രതിച്ഛായ മാധ്യമ സൃഷിടിയെന്ന സിപിഐഎം പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. പ്രതിച്ഛായ ജനങ്ങള്‍ തീരുമാനിക്കുമെന്നും തങ്ങള്‍ പോസ്റ്റര്‍ അടിച്ചിട്ടില്ലെന്നും എംകെ രാഘവന്‍ പറഞ്ഞു.ബിജെപിയെ നേരിടുന്ന മുന്നണിയെ സിപിഐഎം സഹായിക്കുന്നില്ല. സിപിഐഎം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്നത് തമാശയാണെന്നും അദ്ദേഹം പറഞ്ഞു. മതേതര ജനാധിപത്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന എളമരം കരീമിന്റെ പ്രസ്താവനയ്ക്കാണ് എംകെ രാഘവന്‍ മറുപടി പറഞ്ഞത്.

Top