രാജ്യസഭാ സീറ്റ്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടന്നു സിപിഐഎം

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടന്നു സിപിഐഎം. ഇന്ന് ചേരുന്ന അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗം പ്രാഥമിക ചര്‍ച്ചകള്‍ നടത്തും. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. 21നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു, എ വിജയരാഘവന്‍, തോമസ് ഐസക് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

വിജയിക്കാന്‍ കഴിയുന്ന രണ്ടാമത്തെ സീറ്റില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിപി സന്തോഷ് കുമാറിനെ സിപിഐ സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നു. സിപി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാര്‍. എഐവൈ എഫ് മുന്‍ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ന് ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

രാജ്യസഭാ സീറ്റുകള്‍ സിപിഐഎമ്മിനും സിപിഐക്കും കൊടുക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു. എല്‍ജെഡി, എന്‍സിപി, ജെഡിഎസ് എന്നീ ഘടക കക്ഷികളും സീറ്റില്‍ അവകാശം ഉന്നയിച്ചിരുന്നെങ്കിലും സീറ്റുകള്‍ സിപിഐക്കും സിപിഐഎമ്മിനും നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

 

Top