ന്യൂഡൽഹി : ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെയും നേതൃത്വത്തിലുള്ള സംഘം നാളെ ഹത്രാസിലെത്തും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സി.പി.ഐ ദേശീയ സെക്രട്ടറി അമര്‍ജീത്ത് കൗര്‍, സി.പി.എം യു.പി സംസ്ഥാന സെക്രട്ടറി ഹിരലാല്‍ യാദവ്, സി.പി.ഐ യു.പി സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടാകും.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും നീതി ലഭിക്കുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് സംഘം നാളെ ഹത്രാസിലെത്തുന്നത്. 19കാരിയായ പെൺകുട്ടിയെ നാല് പേർ ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. സെപ്റ്റംബര്‍ 14 നാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. പൊലീസിന് യാതൊരു വിവരവും നല്‍കാതിരിക്കാന്‍ അക്രമികൾ പെണ്‍കുട്ടിയുടെ നാവ് മുറിച്ചു. പിന്നാലെ പൊലീസ് മാതാപിതാക്കളെപ്പോലും അറിയിക്കാതെ മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു.
ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആദ്യം അലിഗഢിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ 28 ന് ഡല്‍ഹി എയിംസിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസമാണ് മരിച്ചത്. സംഭവത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഫോറെന്‍സിക് റിപ്പോര്‍ട്ടിൽ പറയുന്നത് ബലാത്സംഗം നടന്നതിന് തെളിവില്ലെന്നാണ്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ നീതിക്കായുള്ള പോരാട്ടത്തിന് പിന്തുണയുമായി ഹത്രാസിലെത്തുന്നത്.
നേരത്തേ കര്‍ഷക തൊഴിലാളി യൂണിയന്‍, കിസാന്‍ സഭ, സി.ഐ.ടി.യു. ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഹത്രാസിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.