പതിവ് മുഖങ്ങളെ ഒഴിവാക്കി യുവാക്കള്‍ക്ക് അവസരം നല്‍കാന്‍ സിപിഎം

തിരുവനന്തപുരം:തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പരിഗണന നല്‍കാനും പതിവ് മുഖങ്ങളെ ഒഴിവാക്കാനും സിപിഎമ്മില്‍ ധാരണ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെയും 2016 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരെയും മാറ്റിനിര്‍ത്താനാണ് സിപിഎം ആലോചിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദത്തില്‍ ഒന്നിച്ച് കടപുഴകിയ വമ്പന്‍മാര്‍ക്ക് നിയമസഭയില്‍ അവസരം നല്‍കണമോ എന്നതാണ് പ്രധാന ചര്‍ച്ച. ആദ്യഘട്ട ചര്‍ച്ചകള്‍ പ്രകാരം സ്ഥിരം മുഖങ്ങളെന്ന വിമര്‍ശനം ഒഴിവാക്കാന്‍ ലോകസഭയില്‍ മത്സരിച്ച പലര്‍ക്കും വഴിയടയും.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ മത്സരിക്കുന്നതില്‍ എല്‍ഡിഎഫ് ജാഥക്ക് മുമ്പ് തന്നെ തീരുമാനമാകും. ഇത്തവണ ജില്ലാകമ്മിറ്റികള്‍ നല്‍കുന്ന സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാന സമിതിയിലെ തീരുമാനം. ഡോ.കെഎസ് മനോജ്, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങി പരാജയപ്പെട്ട പരീക്ഷണങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ പാര്‍ട്ടിയുമായി ഉറച്ച ബന്ധമുള്ള പ്രൊഫഷണലുകളെ മാത്രം കണ്ടെത്താനാണ് നിര്‍ദ്ദേശം. ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിജയിച്ച യുവപരീക്ഷണം നിയമസഭയിലും തുടരും. പത്ത് ശതമാനത്തിലേറെ സീറ്റുകളില്‍ നാല്‍പത് വയസിന് താഴെയുള്ളവര്‍ക്ക് പരിഗണന ലഭിക്കും

പിണറായി വിജയന്‍, കെ.കെ ശൈലജ, എം.എം മണി, തോമസ് ഐസക്ക് എന്നിവരാണ് വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായ ഈ സര്‍ക്കാരിലെ പ്രമുഖര്‍. ഇ.പി ജയരാജന്‍, എ കെ ബാലന്‍, ജി. സുധാകരന്‍, മേഴ്‌സിക്കുട്ടിയമ്മ, പി ശ്രീരാമകൃഷ്ണന്‍ എന്നിവരെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. അതേസമയം, സി എന്‍ രവീന്ദ്രനാഥ് തെരഞ്ഞെടുപ്പില്‍ നിന്ന് സ്വയം മാറി നില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സിറ്റിംഗ് സീറ്റായ തൃശ്ശൂര്‍ പുതുക്കാട് നിന്നും വീണ്ടും ജനവിധി തേടാന്‍ രവീന്ദ്രനാഥിന് മേല്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്.

 

 

Top