തിരുവനന്തപുരം: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയില്‍ നിന്ന് നാടിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സിപിഐഎം.
കനത്ത മഴ ഉരുള്‍പൊട്ടലിലേക്കും കൃഷി നാശത്തിലേക്കും നയിച്ചിട്ടുണ്ട്. പല റോഡുകളും തകര്‍ന്നു. ചിലയിടങ്ങളില്‍ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ഇത് സൃഷ്ടിച്ച പ്രയാസങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ അടിയന്തരമായും പാര്‍ട്ടി സഖാക്കള്‍ ഇടപെടണമെന്ന് സിപിഐഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ചിട്ട് കുറച്ച് വര്‍ഷങ്ങളായിട്ടേയുള്ളൂ. ലോകത്തിനാകെ മാതൃകയാകുന്ന വിധത്തിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് കേരള ജനത ഒത്തൊരുമിച്ച് സംഘടിപ്പിച്ചത്. എല്ലാവരേയും യോജിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ മാതൃകാപരമായിരുന്നു. ആ അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് ദുരിതങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഘടകങ്ങളും സജീവമാകണമെന്നും സിപിഐഎം നിർദേശിച്ചു