സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സ് ‘ചരിത്രമായി’, പുതിയ കാലത്ത് പുതിയ വെല്ലുവിളികള്‍

സി.പി.എമ്മിനെ സംബന്ധിച്ച് കണ്ണൂരിലെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വന്‍ വിജയം തന്നെയാണ്. ഇങ്ങനെ ഒരു സമ്മേളനം നടത്തണം എന്നത് മറ്റു പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ പോലും ഇപ്പോള്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. അത്രയ്ക്കും ഗംഭീരമായാണ് സി.പി.എം ദേശീയ സമ്മേളനം നടത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവും കൃത്യമായി സംഘടനാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച ഏക പാര്‍ട്ടിയും സി.പി.എം മാത്രമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അഭിനന്ദനത്തിനും സി.പി.എമ്മിനു അര്‍ഹതയുണ്ട്. ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ്സും സി.പി.എം പൂര്‍ത്തിയാക്കുന്നത്.

ദേശീയ – സംസ്ഥാന വിഷയങ്ങള്‍ മാത്രമല്ല അന്തര്‍ദേശീയ സംഭവ വികാസങ്ങളും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സ് ഇതിനകം തന്നെ ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇതുസംബന്ധമായ നിരവധി പ്രമേയങ്ങളും സമ്മേളനം അംഗീകരിക്കുകയുണ്ടായി. ഇതില്‍ എടുത്തു പറയേണ്ട ഒരു കാര്യം തുറന്ന ചര്‍ച്ച പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടന്നു എന്നതാണ്. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെ സി.പി.എം ദേശീയ നേതാക്കള്‍ അവതരിപ്പിച്ച വിവിധ റിപ്പോര്‍ട്ടുകളില്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ച പ്രതിനിധികള്‍ ഗൗരവമായ ഇടപെടലുകളാണ് ചര്‍ച്ചകളില്‍ നടത്തിയിരിക്കുന്നത്. പുതിയ കാലത്ത് പാര്‍ട്ടി മുന്നോട്ട് വയ്‌ക്കേണ്ട ആശയങ്ങള്‍ മുതല്‍ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികള്‍ സംസാരിച്ചിരിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതോടൊപ്പം തന്നെ സ്വയം വിമര്‍ശനം നടത്താനും പ്രതിനിധികള്‍ തയ്യാറായിട്ടുണ്ട്. ആരോഗ്യകരമായ ചര്‍ച്ച നടന്നതില്‍ സി.പി.എം ദേശീയ നേതൃത്വവും ഏറെ സന്തോഷത്തിലാണ്. ഇനി കാണാനിരിക്കുന്നത് സി.പി.എമ്മിന്റെ പുതിയ ‘മുഖ’മായിരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വവും വ്യക്തമാക്കിയിരിക്കുന്നത്. ആധുനിക കാലത്ത് ആധുനികമായി തന്നെ ഇടപെടല്‍ നടത്തുമെന്നാണ് ഉറപ്പ്.

 

ദേശീയ തലത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ കൂടുതല്‍ യോജിച്ചുള്ള പ്രവര്‍ത്തനമാണ് സി.പി.എം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇടതുപക്ഷ കൂട്ടായ്മയില്‍ നിന്നും പുറത്ത് നില്‍ക്കുന്ന കമ്യൂണിസ്റ്റു പാര്‍ട്ടികളെയും ഒപ്പം കൂട്ടാനാണ് തീരുമാനം. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു നേട്ടമുണ്ടാക്കാന്‍ ഇത്തരം കൂട്ടുകെട്ടുവഴി സാധിച്ചിട്ടുമുണ്ട്. സമാന രീതി മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. വിവിധ വിഷയങ്ങള്‍ ഏറ്റെടുത്ത് പ്രാദേശിക തലത്തിലും ദേശീയ തലത്തിലും പ്രക്ഷോഭങ്ങള്‍ ശക്തമാക്കുവാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുമ്പോള്‍ തന്നെ ഇതിന്റെ നേട്ടം സി.പി.എമ്മിനു ലഭിക്കണമെന്നതാണ് പാര്‍ട്ടിയിലെ പൊതുവികാരം. അതിനു അനുസരിച്ച് പാര്‍ട്ടി സംവിധാനം തയ്യാറാക്കണമെന്ന നിര്‍ദ്ദേശമാണ് പ്രതിനിധികള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ബി.ജെ.പി ഭരണം വീഴ്ത്തുന്നതില്‍ സി.പി.എം കര്‍ഷക സംഘടനയായഅഖിലേന്ത്യാ കിസാന്‍ സഭ നടത്തിയ പ്രക്ഷോഭം വലിയ പങ്കാണ് വഹിച്ചിരുന്നത്. ചെങ്കൊടി പിടിച്ച് നാസിക്കില്‍ നിന്നും മുംബൈയിലേക്ക് കര്‍ഷകര്‍ നടത്തിയ ലോങ്ങ് മാര്‍ച്ച് ബി.ജെ.പി ഭരണകൂടത്തെ വിറപ്പിക്കുന്നതായിരുന്നു. ചോരപ്പൊടിയുന്ന കാല്‍പാദങ്ങളുമായി സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ള കര്‍ഷക സമൂഹം നടത്തിയ ആ പോരാട്ടം ബി.ബി.സിയും സി.എന്‍.എന്നും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ പോരാട്ടത്തിന്റെ പരിണിതഫലം കൂടിയാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പിക്കു ഏറ്റ തിരിച്ചടി. എന്നാല്‍ കര്‍ഷക സമരത്തിന്റെ നേട്ടം കൊയ്തതാകട്ടെ എന്‍.സി.പിയും കോണ്‍ഗ്രസ്സുമാണ്.

ജനരോഷം സര്‍ക്കാറിനെതിരെ തിരിച്ചു വിടുന്നതില്‍ വിജയിച്ച കമ്യൂണിസ്റ്റുകള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നത് സി.പി.എമ്മിന് മഹാരാഷ്ട്രയിലുണ്ടായിരുന്ന സംഘടനാപരമായ ‘പരിമിതി’ ഒന്നുകൊണ്ടു മാത്രമാണ്. സി.പി.എം കര്‍ഷക സംഘടന വിതച്ചത് എന്‍.സി.പിയും കോണ്‍ഗ്രസ്സും കൊയ്തു എന്നതാണ് മഹാരാഷ്ട്രയിലെ യാഥാര്‍ത്ഥ്യം. ഖദറില്‍ വിയര്‍പ്പു പൊടിയാതെയാണ് ഈ രണ്ടു പ്രതിപക്ഷ പാര്‍ട്ടികളും മറാത്ത മണ്ണില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ കര്‍ഷക സമരവും ഇതിനു സമാനമാണ്. അടുത്തയിടെ നടന്ന ഈ കര്‍ഷക സമരം മുതല്‍ ദേശീയ തലത്തിലും പ്രാദേശിക തലത്തിലുമായി നിരവധി പ്രക്ഷോഭങ്ങളാണ് സി.പി.എമ്മും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകളും നടത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെ വിറപ്പിച്ച ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന്റെ ബുദ്ധി കേന്ദ്രം തന്നെ കിസാന്‍ സഭ നേതൃത്വമായിരുന്നു. വിവിധ കര്‍ഷക സംഘടനകളെ ഉള്‍പ്പെടുത്തി സമരസമിതി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയതും കിസാന്‍സഭ നേതാക്കളാണ്.

ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബ് ഭരണം കോണ്‍ഗ്രസ്സിനു നഷ്ടമായതിനു പിന്നിലും യു.പിയില്‍ സമാജ് വാദി പാര്‍ട്ടിക്ക് വന്‍ തോതില്‍ സീറ്റുകള്‍ വര്‍ദ്ധിച്ചതിനു പിന്നിലും കര്‍ഷക സമരം വഹിച്ച പങ്ക് വളരെ വലുതാണ്. ജനകീയ പ്രതിഷേധങ്ങളെ ചെറുക്കാന്‍ ഹിന്ദുത്വ കാര്‍ഡാണ് ബി.ജെ.പി ഇപ്പോഴും പുറത്തെടുക്കുന്നത്. അതിനു വഴി ഒരുക്കുന്നതാകട്ടെ അസദുദ്ദീന്‍ ഒവൈസിമാരുമാണ്. യു.പയില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തിയെങ്കിലും അവരുടെ നഷ്ടവും വളരെ വലുതാണ്. 60 സീറ്റുകളാണ് 2017 നെ താരതമ്യം ചെയ്യുമ്പോള്‍ നഷ്ടമായിരിക്കുന്നത്.ഇതില്‍ 60 സീറ്റുകളും പിടിച്ചെടുത്തത് സമാജ് വാദി പാര്‍ട്ടിയാണ്. കഴിഞ്ഞ തവണ 47 സീറ്റുകള്‍ മാത്രം നേടിയ സമാജ് വാദി പാര്‍ട്ടി മുന്നണിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത് 125 സീറ്റുകളാണ്. ഈ സ്ഥിതി ആവര്‍ത്തിച്ചാല്‍ ലോകസഭ തിരഞ്ഞെടുപ്പിലും അത് ബി.ജെ.പിക്ക് വെല്ലുവിളിയാകും.

ശക്തരായ എതിരാളികള്‍ ഇല്ല എന്നതാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. ഇതിനു അവരെ പ്രാപ്തരാക്കിയതാകട്ടെ കോണ്‍ഗ്രസ്സ് നേതൃത്വവുമാണ്. ഖദറിനെ കാവിയണിയിച്ചവര്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയെയും അതേ പാളയത്തിലേക്ക് കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. ആംആദ്മി പാര്‍ട്ടി ഹിമാചല്‍ പ്രദേശ് സംസ്ഥാന അധ്യക്ഷനേയും സംഘടന സെക്രട്ടറിയേയുമാണ് ബിജെ.പി റാഞ്ചിയിരിക്കുന്നത്. പഞ്ചാബിനു പിന്നാലെ ഹിമാചല്‍ പ്രദേശും കെജരിവാളിന്റെ പാര്‍ട്ടി പിടിക്കുമെന്ന ഭയമാണ് ബി.ജെ.പിയെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്. പ്രത്യായശാസ്ത്രപരമായ പിന്‍ബലമില്ലാത്ത ആള്‍ക്കൂട്ടങ്ങള്‍ പാര്‍ട്ടിയായി മാറുമ്പോള്‍ സംഭവിക്കുന്ന തിരിച്ചടിയാണ് ആം ആദ്മി പാര്‍ട്ടിക്ക് ഹിമാചല്‍ പ്രദേശില്‍ നേരിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടതും പാര്‍ട്ടിയോട് നേതാക്കള്‍ക്ക് വിധേയത്വം ഇല്ലാത്തതുമാണ് തിരിച്ചടിയായിരിക്കുന്നത്. വ്യക്തികള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതു കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തറയും ആശയവും അല്ല. സ്വന്തം കാര്യമാണ് ഇക്കൂട്ടര്‍ക്കെല്ലാം പ്രധാനം. വേണ്ടപ്പെട്ടവരെ ഒരു മാനദണ്ഡവും ഇല്ലാതെ നേതൃത്വത്തില്‍ കൊണ്ടു വരിക അഴിമതി നടത്താനുള്ള അവസരം നല്‍കുക… എന്നതെല്ലാം കോണ്‍ഗ്രസ്സ് പിന്‍തുടരുന്ന സ്ഥിരം കലാപരിപാടിയാണ്. വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ ഏത് ബൂര്‍ഷ്വാ പാര്‍ട്ടിയിലെ നേതാവും ബി.ജെ.പിയാവുന്ന അവസ്ഥയാണ് ഉത്തരേന്ത്യയില്‍ ഇപ്പോഴും ഉള്ളത്. അതിന്റെ ഒടുവിലത്തെ ഇരയാണ് ആം ആദ്മി പാര്‍ട്ടി. സ്വന്തം പാര്‍ട്ടിയോട് കമ്മിറ്റ്‌മെന്റ് ഇല്ലാത്ത നേതാക്കളെ ഏത് പാര്‍ട്ടി ചുമന്നാലും ഇതും ഇതിലപ്പുറവും സംഭവിക്കും.

ഇവിടെയാണ് സി.പി.എം എന്ന കമ്യൂണിസ്റ്റു പാര്‍ട്ടി വ്യത്യസ്തമാകുന്നത്. പ്രത്യായ ശാസ്ത്രപരമായ അടിത്തറ കൃത്യമായ സംഘടനാ പ്രവര്‍ത്തനം സംഘടനാ സമ്മേളനം വഴി മാത്രമുള്ള നേതൃത്വം ഒറ്റക്കെട്ടായ തീരുമാനങ്ങള്‍ …. ഇതെല്ലാം കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു മാത്രം അവകാശപ്പെട്ട പ്രത്യേകതകളാണ്. നാളെ രാജ്യം ഭരിക്കാം എന്ന ‘അജണ്ട’ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരല്ല കമ്യൂണിസ്റ്റുകള്‍… അവരെ സംബന്ധിച്ച് പാര്‍ലമെന്ററി രാഷ്ട്രീയവും ഒരു ‘പോരാട്ട’ മേഖല മാത്രമാണ്. അധികാരം ഉണ്ടെങ്കിലും ഇല്ലങ്കിലും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പോരാട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. അക്കാര്യത്തില്‍ എതിരാളികള്‍ക്കു പോലും സംശയമുണ്ടെന്നു തോന്നുന്നില്ല.

ഒരിക്കല്‍ പോലും അധികാരത്തില്‍ എത്താതിരുന്ന തമിഴ് നാട്ടിലും തെലങ്കാനയിലും പോലും സി.പി.എം നടത്തിയ പോരാട്ടങ്ങളും സഹിച്ച ത്യാഗങ്ങളുമെല്ലാം വളരെ വലുതാണ്. സിരകളില്‍ അഗ്‌നി പടര്‍ത്തുന്ന ഇത്തരം അനവധി പോരാട്ട കഥകള്‍ മറ്റു സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റുകള്‍ക്കുമുണ്ട് പറയാന്‍…. അതെല്ലാം തന്നെ ചരിത്രവുമാണ്. ആ ചരിത്ര വസ്തുതകള്‍ ഉള്‍ക്കൊണ്ടു വേണം സി.പി.എമ്മിനെയും വിലയിരുത്താന്‍. എത്ര സംസ്ഥാനങ്ങളില്‍ ഭരണമുണ്ട് എന്നതിലല്ല കാര്യം ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തു എന്നതിലാണ് കാര്യം…. ആ കാര്യങ്ങള്‍ പരിശോധിച്ചാല്‍ രാജ്യത്ത് ഇന്നും അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കാവുന്ന പാര്‍ട്ടിയാണ് സി.പി.എം . . . അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടാവേണ്ടതില്ല.

EXPRESS KERALA VIEW

Top