പ്രത്യേയശാസ്ത്രം . . . അത് വിട്ട്, ഒരു അധികാരവും ചെങ്കൊടിക്ക് വേണ്ട !

ധികാരമല്ല, നിലപാടുകളാണ് പ്രധാനമെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് സി.പി.എം. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട നാല് സിപിഎം പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരാണ് ജയിച്ചതിന് തൊട്ടുപിന്നാലെ രാജിവച്ചിരിക്കുന്നത്. ആവശ്യപ്പെടാതെ തന്നെ എസ്‌ഡിപിഐ, യുഡിഎഫ് പാർട്ടികൾ പിന്തുണ നൽകിയതാണ് കമ്യൂണിസ്റ്റുകളുടെ രാജിക്ക് കാരണമായിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട്, പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ, ആലപ്പുഴ ജില്ലയിലെ തിരുവൻവണ്ടൂർ, തൃശൂർ ജില്ലയിലെ അവിണിശേരി പഞ്ചായത്തുകളിലെ പ്രസിഡൻ്റ് സ്ഥാനങ്ങളാണ് സി.പി.എം പ്രതിനിധികൾ രാജി വച്ചിരിക്കുന്നത്.

പാങ്ങോട് പഞ്ചായത്തിൽ എസ്‌ഡിപിഐ വോട്ട്‌ ചെയ്‌തതോടെ വിജയിച്ച പ്രസിഡന്റ് എസ്‌ ദിലീപും വൈസ്‌ പ്രസിഡന്റ് എസ്‌ റീനയുമാണ് രാജിവച്ചിരിക്കുന്നത്. ഇവിടെ 19 സീറ്റിൽ ഇടതുപക്ഷത്തിന് എട്ടും യുഡിഎഫിന്‌ ഏഴും  വെൽഫെയർ പാര്‍ട്ടിക്കും എസ്‌ഡിപിഐക്കും രണ്ടുവീതവുമാണ് അം​ഗങ്ങളുള്ളത്.കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ വോട്ട് ചെയ്തതോടെ പ്രസിഡന്റായ, ബിനു ജോസഫും രാജിവച്ചിട്ടുണ്ട്. ഈ പഞ്ചായത്തിൽ ഇടതുപക്ഷത്തിനും ബി.ജെ.പിക്കും 5 സീറ്റുകൾ വീതവും യുഡിഎഫിന് 2ഉം എസ്ഡിപിഐക്ക് ഒരു സീറ്റുമാണുള്ളത്. തിരുവൻവണ്ടൂർ പഞ്ചായത്തിൽ‌‌ കോൺഗ്രസ്‌ അംഗങ്ങൾ പിന്തുണച്ചതിനാലാണ് പ്രസിഡന്റ് ബിന്ദു ഷിബു‌ രാജിവച്ചത്‌.

ആർക്കും കേവലഭൂരിപക്ഷമില്ലാത്ത അവിണിശേരിയിൽ യുഡിഎഫ്‌ പിന്തുണയോടെ ജയിച്ചതിനാൽ  പ്രസിഡന്റ് എ .ആർ രാജുവും വൈസ്‌ പ്രസിഡന്റ്‌‌ ഇന്ദിര ജയകുമാറും രാജിവച്ചിട്ടുണ്ട്. രാഷ്ട്രീയ നെറികേട് കാട്ടില്ലന്ന് പ്രഖ്യാപിച്ച തീരുമാനമാണിത്. മറ്റു രാഷ്ട്രിയപാർട്ടികൾക്കാകട്ടെ ഇതൊന്നും ചിന്തിക്കാൻ പോലും കഴിയുകയുമില്ല.അവർക്കെല്ലാം പ്രധാനം അധികാരം മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഒരു വർഗ്ഗീയ പാർട്ടിയുടെയും വോട്ടുകൾ വേണ്ടന്ന് പരസ്യമായി പറയാൻ ആർജവം കാണിച്ച പാർട്ടിയും സി.പി.എമ്മാണ്.അതേസമയം, അധികാരം ലഭിക്കാൻ ഉണ്ടാക്കിയ കൂട്ട് കെട്ട് ഇപ്പോഴും യു.ഡി.എഫ് പലയിടത്തും തുടരുകയാണ്. ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ തന്നെ യു.ഡി.എഫ് നേരിട്ടിരുന്നത്. എസ്.ഡി.പി.ഐ സഹകരണവും പലയിടത്തും ഉണ്ടായിട്ടുണ്ട്. ഭരണ സമിതി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വരെ സഹകരണം തേടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് ദൃശ്യമാകുന്നത്‌.

കൊല്ലം ജില്ലയിലെ ഇളമ്പള്ളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് തന്നെ ഇതിന് ഉദാഹരണമാണ്. കോൺഗ്രസ്–ബിജെപി പിന്തുണയിൽ കോൺഗ്രസ്‌ വിമതയാണ് ഇവിടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 21 അംഗങ്ങളുള്ള പഞ്ചായത്തിൽ ഇടതുപക്ഷത്തിന് 10 അംഗങ്ങളും, യുഡിഎഫിന്‌ നാലും ,എൻഡിഎയ്‌ക്ക്‌ ആറും അംഗങ്ങളാണുള്ളത്‌. മറ്റൊരു അംഗം കോൺഗ്രസ്‌ വിമതയാണ്. പ്രസിഡന്റ്‌ സ്ഥാനത്തേ‌ക്ക്‌ സ്വന്തം സ്ഥാനാർഥിയെ നിർത്താതെ വിമതയായ ആമിന ഷെരീഫിനെ കോൺഗ്രസ്‌ അംഗം സാം വർഗീസ് നിർദേശിച്ചപ്പോൾ, ബിജെപി അംഗം അനിൽകുമാർ പിന്താങ്ങുകയാണുണ്ടായത്. പത്തിനെതിരെ 11 വോട്ടുകൾക്ക്‌ ഇടതുപക്ഷത്തെ റെജി കല്ലംവിളയെ അട്ടിമറിച്ചാണ് യുഡിഎഫ്‌ – ബിജെപി സഖ്യം വിജയിച്ചിരിക്കുന്നത്. വിളപ്പിൽ ശാല പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് ലഭിച്ചത് യു.ഡി.എഫ് അംഗത്തിൻ്റെയും സ്വതന്ത്രയുടെയു പിന്തുണ ലഭിച്ചതോടെയാണ്.

എസ്.ഡി.പി.ഐ പിന്തുണയോടെയാണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ലീഗുകാരൻ പ്രസിഡൻ്റായിരിക്കുന്നത്. കൊല്ലം പോരുവഴി പഞ്ചായത്തിലും  എസ്.ഡി.പി.ഐ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചിരിക്കുന്നത്. ഇതു പോലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലാണ് തദ്ദേശ ഭരണ സമിതി തിരഞ്ഞെടുപ്പിലും അവിശുദ്ധ സഖ്യം പിറവിയെടുത്തിരിക്കുന്നത്. അധികാരം ലഭിക്കാൻ, ആരുമായും കൂട്ട് കൂടാം എന്ന നിലപാടാണ് ഇവിടെ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. പിന്തുണ വേണ്ടന്ന് വ്യക്തമാക്കിയിട്ടും, വർഗ്ഗീയ ശക്തികൾ പിന്തുണച്ചത് കൊണ്ടാണ് തിരഞ്ഞെടുക്കപ്പെട്ട പദവികൾ സി.പി.എം പ്രതിനിധികൾ രാജിവച്ചിരിക്കുന്നത്. അതിന് വേണ്ടി വന്നതാകട്ടെ നിമിഷങ്ങൾ മാത്രവുമായിരുന്നു. അന്തിമ ചിത്രം വ്യക്തമാകുമ്പോൾ സംസ്ഥാനത്ത് 577 ഗ്രാമ പഞ്ചായത്തുകളിലെ ഭരണമാണ് ഇടതുപക്ഷം പിടിച്ചിരിക്കുന്നത്.

യു.ഡി.എഫിന് 339 പഞ്ചായത്തുകളും, ബി.ജെ.പി മുന്നണിയായ എൻ.ഡി.എക്ക് 14 പഞ്ചായത്തുകളിലും ഭരണം ലഭിച്ചിട്ടുണ്ട്. 108 ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുപക്ഷം വിജയിച്ചിട്ടുണ്ട്. 44 ഇടത്ത് മാത്രമാണ് യു.ഡി.എഫിന് ഭരണം കിട്ടിയിരിക്കുന്നത്. ആകെയുള്ള 6 കോർപ്പറേഷനുകളിൽ, അഞ്ചിടത്ത് ഇടതുപക്ഷം ഭരിക്കുമ്പോൾ കണ്ണൂർ കോർപ്പറേഷൻ മാത്രമാണ് യു.ഡി.എഫിന് കിട്ടിയിരിക്കുന്നത്.ഇവിടെയാകട്ടെ അധികാരത്തെ ചൊല്ലി പൊരിഞ്ഞ അടിയാണ് ലീഗിലും നടന്നിരിക്കുന്നത്. കോൺഗ്രസ്സ് മേയർ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത് പോലും നറുക്കെടുപ്പിലൂടെയാണ്. കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിനെ പോലും അമ്പരിപ്പിച്ച സംഭവമാണ് കണ്ണൂരിൽ അരങ്ങേറിയിരിക്കുന്നത്. ഇനി കോൺഗ്രസ്സ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലും, നറുക്കെടുപ്പിൻ്റെ വഴിയേ ഹൈക്കമാൻ്റ് പോകുമോ എന്നതാണ് കണ്ടറിയേണ്ടത്.

14 ജില്ലാ പഞ്ചായത്തുകളിൽ 11ലും ഇടതുപക്ഷ ഭരണമാണുള്ളത് മൂന്ന് ജില്ലാ ഭരണം മാത്രമാണ് യു.ഡി.എഫിന് ലഭിച്ചിരിക്കുന്നത്. നഗരസഭകളിൽ 43 എണ്ണത്തിൽ ഇടതുപക്ഷവും 41 ഇടത്ത് യു.ഡി.എഫും അധികാരമേറ്റിട്ടുണ്ട്. ബി.ജെ.പിക്ക് രണ്ട് നഗരസഭകളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിരിക്കുന്നത്. പുതിയ പരീക്ഷണങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നടത്തിയിരുന്നത്. ജമാഅത്തെ ഇസ്ലാമി സഹകരണവും അതിൻ്റെ ഭാഗമായിരുന്നു. എന്നാൽ, അവരുടെ സകല കണക്ക് കൂട്ടലുകളും തകർത്ത് തരിപ്പണമാക്കിയാണ് ചെമ്പട വീണ്ടും കേരളത്തെ ചുവപ്പിച്ചിരിക്കുന്നത്. ഇനി നിയമസഭാ തിരഞ്ഞെടുപ്പാണ്. ആ പോരാട്ടത്തിൽ കൂടി പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ യു.ഡി.എഫ് എന്ന മുന്നണി തന്നെ, കാലത്തിൻ്റെ ചവറ്റ് കൊട്ടയിലേക്കാണ് വലിച്ചെറിയപ്പെടുക

Top