‘നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും മഹാത്ഭുതമായി മാറും’;എകെ ബാലന്‍

തിരുവനന്തപുരം: നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും മഹാത്ഭുതമായി മാറുമെന്ന് സിപിഐഎം നേതാവ് എകെ ബാലന്‍. യുഡിഎഫിലെ പല നേതാക്കളും ഇപ്പോള്‍ ആശുപത്രിയില്‍ ആണ്. അവര്‍ക്ക് ആശങ്ക കൂടിക്കൂടി വരികയാണ്. ഒരു ലീഗ് നേതാവ് പരിപടിയില്‍ പങ്കെടുത്തു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരു തള്ളിച്ച ഉണ്ടായിട്ടില്ല. ക്യാബിനറ്റ് ബസിന് വലിയ പ്രചാരണം മാധ്യമങ്ങള്‍ നല്‍കി. ബസിനെ കുറിച്ച് താന്‍ പറഞ്ഞതിന് കുറേ പരിഹാസം തൊടുത്തുവിട്ടു. ആ ബസ് പരിപാടി കഴിഞ്ഞാലും സ്വീകരിക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുറച്ച് കഴിഞ്ഞാലാണ് ഇതിന്റെ വില ആളുകള്‍ക്ക് മനസിലാവുക. സാധാരണ നിലയിലുള്ള ഒരു ടൂറിസ്റ്റ് ബസിന്റെ സൗകര്യം പോലും ആ ബസിനില്ല.

നവകേരള യാത്ര പാലക്കാട് എത്തുമ്പോള്‍ യുഡിഎഫില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. യുഡിഎഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് 50000 രൂപ തന്നു. കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ് അടക്കം പ്രമുഖര്‍ പങ്കെടുക്കും.ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചില്ല. അവര്‍ വരാന്‍ താല്‍പ്പര്യപ്പെടുന്നില്ല, തങ്ങള്‍ വിളിച്ചിട്ടുമില്ല. പക്ഷേ, കോണ്‍ഗ്രസ്സിനൊപ്പം അധികനാള്‍ നില്‍ക്കാന്‍ ലീഗിന് പറ്റില്ല. കൂടുതല്‍ നേതാക്കള്‍ വരും നാള്‍ എല്‍ഡിഎഫിനൊപ്പം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവകേരള സദസ് അശ്ലീല നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. ജനങ്ങളോട് സര്‍ക്കാര്‍ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.ജനങ്ങളെ വഞ്ചിക്കുകയും കബളിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ അത് മറക്കാനാണ് പരിപാടിയിലൂടെ ശ്രമിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളില്‍ കഞ്ഞി വിതരണം ചെയ്യുന്നതിന്റെ പണം പോലും വിതരണം ചെയ്യാത്ത സര്‍ക്കാറാണ് കെട്ടുകാഴ്ചകളുമായി മുന്നോട്ട് പോകുന്നത്.

യു.ഡി.എഫിലെ ഒരാളും നവകേരള സദസിനോട് അനുഭാവം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ഒന്നര കോടിയുടെ ബസ് നിയവിരുദ്ധമായി ഓടുകയാണ്. രാജഭരണമാണ് കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കമെന്ന നാടകം എപ്പോഴും വരും.

Top