മലപ്പുറം: പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ ഇടതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐഎമ്മില്‍ ആലോചന. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെയുള്ളവര്‍ പരിഗണനയിലുണ്ട്. കെപിസിസിയെ പരസ്യമായി വെല്ലുവിളിച്ച ആര്യാടന്‍ ഷൗക്കത്തിന്റെ നീക്കങ്ങളെ ആശങ്കയോടെയാണ് കോണ്‍ഗ്രസും നോക്കികാണുന്നത്.
ഷൗക്കത്ത് ഇടതു സ്ഥാനാര്‍ത്ഥിയായാല്‍ പൊന്നാപുരം കോട്ടയായ പൊന്നാനി നഷ്ടപ്പെടുമെന്ന ആശങ്ക ലീഗിനുണ്ട്. ഇത് പ്രകടമാക്കുന്നതായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ഏകസിവില്‍കോഡ് സെമിനാറിലേക്ക് ക്ഷണിച്ച സിപിഐ എമ്മിനെ അന്ന് രൂക്ഷമായി വിമര്‍ശിച്ച ഇ ടി പലസ്തീന്‍ വിഷയത്തില്‍ മലക്കംമറിഞ്ഞു. കോണ്‍ഗ്രസിന് നല്‍കിയ മുന്നറിയിപ്പായാണ് ഇ ടി യുടെ പ്രതികരണത്തെ വിലയിരുത്തുന്നത്.ആര്യാടന്‍ ഷൗക്കത്തിന്റെ രാഷ്ട്രീയചുവടുമാറ്റത്തിന് ശക്തി പകരുന്ന പ്രതികരണങ്ങളും പുറത്തു വരുന്നുണ്ട്. മലപ്പുറത്ത് യുഡിഎഫിലെ നേതാക്കളെ ഇടതുപാളയത്തില്‍ എത്തിച്ച് വിജയിപ്പിച്ച ചരിത്രവും സിപിഐഎമ്മിനുണ്ട്. കെ ടി ജലീലും, മന്ത്രി വി അബ്ദുറഹ്‌മാനും ടി കെ ഹംസയുമെല്ലാം ഇതിന് മുന്‍ ഉദാഹരണങ്ങളാണ്.
മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് തര്‍ക്കം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് സിപിഐഎം. കെ ടി ജലീലിന്റെ പേര് മണ്ഡലത്തില്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ജില്ലാ കോണ്‍ഗ്രസിലെ വിഭാഗീയത വോട്ടാക്കി മാറ്റാനാണ് സിപിഐഎമ്മിന്റെ ശ്രമം. പല തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തര്‍ക്കങ്ങള്‍ പരിഹരിച്ചില്ലെന്ന പരാതി മുസ്‌ളീം ലീഗിനുണ്ട്.