തിരുവനന്തപുരം: പയ്യന്നൂരില്‍ സി. കൃഷ്ണന്റെയും ബേപ്പൂരില്‍ വി.കെ.സി മമ്മദ്‌കോയയുടെയും സ്ഥാര്‍ത്ഥിത്വത്തിന് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം. നിയമസഭാ തെരഞ്ഞെപ്പിലെ എല്‍.ഡി.എഫ് സ്ഥാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പലയിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിലൊന്നായിരുന്നു പയ്യന്നൂരിലെ സിറ്റിംഗ് എം.എല്‍.എ ആയ സി. കൃഷ്ണന്റേത്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം ആണ് കൃഷ്ണന്റെ സ്ഥാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചത്. എന്നാല്‍, ഈ പരാതി പരിഗണിക്കേണ്ടതില്‌ളെന്ന് സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.
എളമരം കരീം സിറ്റിംഗ് എം.എല്‍.എ ആയ ബേപ്പൂര്‍ മണ്ഡലത്തില്‍ വി.കെ.സിയുടെ പേരായിരുന്നു ഇത്തവണ പ്രദേശിക നേതൃത്വം നിര്‍ദേശിച്ചത്. ഇത് സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം കാത്തു കിടക്കുകയായിരുന്നു. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ബേപ്പൂര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ആയ വി.കെ.സി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മേയര്‍ സ്ഥാനം ഒഴിയേണ്ടി വരും.