കൊല്ലം: കൊട്ടാരക്കരയില്‍ സിപിഎം പ്രവര്‍ത്തകനെയും കുടുംബത്തെയും മുന്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമം. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയാണ് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ആണ് കൊട്ടാരക്കര ആര്യ നിവാസില്‍ രജനീഷിനും ഭാര്യയ്ക്കും മര്‍ദ്ദനമേല്‍ക്കുന്നത്. മുന്‍ എരിയ സെക്രട്ടറി എന്‍.എ.ബേബി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രന്‍, ഡിവൈഎഫ് ഐ നേതാവ് എന്നിവരടങ്ങുന്ന സംഘം രജനീഷിനെ വീട്ടില്‍ കയറി അക്രമിച്ചത്. രജനീഷിനെ അക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കും മര്‍ദ്ദനമേറ്റത്.
സുഹൃത്തുക്കളായ രജനീഷും സന്ദീപും തമ്മില്‍ ഫോണ്‍വിളിയിലുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സിപിഎം നേതാക്കള്‍ ഇതിലിടപ്പെട്ടതോടെ പ്രശ്‌നം വാക്കുതര്‍ക്കത്തിലേക്ക് കടക്കുകയും അക്രമണം നടത്തുകയുമായിരുന്നെന്നാണ് സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ രജനീഷിന്റെ കുടുംബം ആരോപിക്കുന്നത്.
ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴും മുന്‍ ഏരിയ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ ഇവിടെയും എത്തി ഇവരെ ഭീഷണിപ്പെടുത്തി ആശുപത്രിയില്‍ നിന്ന് ഇറക്കി വിട്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടും മൊഴിയെടുക്കാന്‍ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പരാതി.
പാര്‍ട്ടിയുടെ പ്രാദേശിക കോട്ടയായ കോട്ടാത്തലയില്‍ ജന്മിമാരായ നേതാക്കളായാണ് മുന്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള അക്രമണം നടത്തിയവര്‍ അറിയപ്പെടുന്നത്. അതിനാല്‍ പൊലീസ് കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള കൊല്ലം ജില്ലയിലുണ്ടായ സംഭവം ഇതിനോടകം പാര്‍ട്ടി നേതൃത്വം അറിഞ്ഞു കഴിഞ്ഞു. എന്നാല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം മാത്രമാണെന്നാണ് പ്രാദേശിക നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.