ന്യൂഡല്‍ഹി: ത്രിപുരയില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്താനാലോചിച്ച് സിപിഐഎം. രണ്ട് ദശകത്തോളം സംസ്ഥാനം ഭരിച്ച സിപിഐഎമ്മിന് കാലിടറിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ്. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനം ഇത്തവണ തിരിച്ചു പിടിക്കണമെന്ന തീവ്രമായ ആഗ്രഹത്തിലാണ് സിപിഐഎം. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് വിജയിക്കാന്‍ എന്ത് നീക്കമാണ് നടത്തേണ്ടത് എന്ന ചര്‍ച്ചകള്‍ നടന്നുവരുന്ന പിബി യോഗത്തിലുണ്ടായി. കോണ്‍ഗ്രസുമായി സഖ്യത്തിലെത്തുന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ചകളിലിടം നേടിയത്. ഇക്കാര്യം സിപിഐഎം ത്രിപുര സംസ്ഥാന ഘടകം അടുത്ത മാസം ചര്‍ച്ച ചെയ്യും.
സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താന്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം നേടുന്നതിന് കോണ്‍ഗ്രസുമായി സഖ്യത്തിലെത്താം എന്ന ആലോചന പാര്‍ട്ടിക്കുണ്ടെന്നാണ് വിവരം. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇത് വരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. എല്ലാ സംസ്ഥാന നേതൃത്വങ്ങളുമായും ചര്‍ച്ച നടത്തിയ ശേഷവും ഭാവിയില്‍ വരാനിടയുള്ള പ്രശ്‌നങ്ങളെ കണ്ടുമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. വിഷയത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കും. ഔദ്യോഗികമായോ അനൗദ്യോഗികമായോ ആവാം സഖ്യം. മണിക് സര്‍ക്കാരിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണോ എന്ന കാര്യവും പിബി ചര്‍ച്ച ചെയ്യും. 2018ലെ തെരഞ്ഞെടുപ്പില്‍ ബിജെപി-ഐപിഎഫ്ടി സഖ്യം തൂത്തുവാരിയിരുന്നു. 60 അംഗ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി സഖ്യം അധികാരത്തിലെത്തിയത്. 43 സീറ്റുകളിലാണ് വിജയിച്ചത്. സിപിഐഎമ്മിന് 15 സീറ്റുകളാണ് ലഭിച്ചത്. ജൂണില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചു.