ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം കേന്ദ്രം ഉറപ്പുവരുത്തണമെന്ന് സിപിഎം

തിരുവനന്തപുരം : ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

പാലസ്‌തീനിലെ ഗാസ മുനമ്പിൽ ഹമാസും ഇസ്രയേൽ സേനയും നടത്തുന്ന ഏറ്റുമുട്ടലുകൾ ഗുരുതരമായ സ്ഥിതിവിശേഷമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സാധാരണ പൗരന്മാരുടെ ജീവിതത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത്‌ മാറിയിട്ടുണ്ട്‌. നിരവധി ജീവനുകൾ ഇതിന്റെ ഭാഗമായി നഷ്ടമായിക്കഴിഞ്ഞു. ഏറ്റുമുട്ടലുകൾ ഇനിയും തുടരുന്നത്‌ നിരപരാധികളുടെ ജീവൻ കൂടുതൽ നഷ്ടപ്പെടുന്നതിന്‌ മാത്രമേ ഇടയാക്കുകയുള്ളൂ.

ഇസ്രയേൽ- പാലസ്‌തീൻ ഭൂപ്രദേശങ്ങൾ വ്യാപകമായി പിടിച്ചെടുക്കുകയും പാലസ്‌തീൻ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവമാണ്‌ ഇത്തരമൊരു സ്ഥിതിവിശേഷത്തിന്‌ അടിസ്ഥാനമിട്ടത്‌. ജനാധിപത്യപരമായ രീതിയിൽ ഇത്തരം പ്രശ്‌നങ്ങളെ മനസിലാക്കി പരിഹരിക്കുകയാണ്‌ വേണ്ടത്‌. അതിനുള്ള സാഹചര്യം സൃഷ്‌ടിക്കാനുള്ള ഇടപെടലാണ്‌ ഉണ്ടാകേണ്ടത്‌.

ദ്വിരാഷ്‌ട്ര പരിഹാരമെന്ന യുഎൻ രക്ഷാസമിതിയുടെ പ്രമേയം അടിയന്തിരമായി നടപ്പിലാക്കി പാലസ്‌തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണം. നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകൾ അവസാനിപ്പിച്ച്‌ സമാധാനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

Top