ഇ.ശ്രീധരൻ നൽകിയ നിർദേശങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരം : അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് ഇ.ശ്രീധരൻ നൽകിയ നിർദേശങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്ന് സിപിഎം. പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം തുടർചർച്ചകൾ മതിയെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. തുടർനടപടികൾക്ക് യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പദ്ധതി സംബന്ധിച്ച വിവാദങ്ങൾ ഒഴിവാക്കാനാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിവേഗ റെയിൽ പദ്ധതി എതിരാളികൾക്ക് രാഷ്ട്രീയ ആയുധമാക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. എല്ലാവിഭാഗങ്ങളുടെയും പിന്തുണയോടുകൂടി ജനങ്ങളെ പദ്ധതിയെപ്പറ്റി ബോധ്യപ്പെടുത്തിയശേഷം മുന്നോട്ടുപോകാനാണ് തീരുമാനം.

മുന്നണിയിലെ ഘടകക്ഷികളുമായും വിഷയത്തിൽ ചർച്ചകൾ നടക്കും. സിൽവർലൈനിനായി ഭൂമി ഏറ്റെടുക്കാൻ മഞ്ഞ കുറ്റികൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള സർവേയ്ക്കെതിരെ സിപിഐയിൽ വിമർശനം ഉണ്ടായി. ഇ.ശ്രീധരനെ മുന്നിൽനിർത്തിയാൽ എതിർപ്പ് പരമാവധി കുറയുമെന്ന പ്രതീക്ഷ സർക്കാർ കേന്ദ്രങ്ങളിലുണ്ട്. ഇതിന്റെ ഭാഗമായാണ് കെ.വി.തോമസിനെ ചർച്ചകൾക്കായി നിയോഗിച്ചത്.

ഇ.ശ്രീധരൻ അനുകൂലമായി പ്രതികരിച്ചത് പ്രതീക്ഷ നൽകുന്നു. ശ്രീധരൻ മുന്നോട്ടുവച്ച റെയിൽപദ്ധതിയെപ്പറ്റി പാർട്ടി ചർച്ച ചെയ്യുമെന്നും സംസ്ഥാനത്തിന്റെ വികസനമാണ് പ്രധാനമെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രതികരിച്ചത്. ബദൽനിർദേശത്തിൽ മുഖ്യമന്ത്രി അഭിപ്രായം പറയട്ടെയെന്ന നിലപാടിലാണ് കോൺഗ്രസ്. പദ്ധതിയുടെ വിശദാംശങ്ങൾ അറിഞ്ഞശേഷം പ്രതികരിക്കാമെന്ന് നേതൃത്വം പറയുന്നു. സിപിഎമ്മും ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമാണ് ബദൽപദ്ധതി നിർദേശമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ആരോപണം.

Top