സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും; പ്രധാനമന്ത്രിയുടെ പ്രസംഗം ചര്‍ച്ച ചെയ്‌തേക്കും

തിരുവനന്തപുരം: ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ക്ക് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗ വിവാദത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും. പ്രസംഗത്തിലെ വാചകങ്ങളില്‍ ചില വീഴ്ചകളുണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ രോമാഞ്ചം, പരാമര്‍ശം പിന്‍വലിച്ചത്. വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം തടയാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.

സ്വര്‍ണക്കടത്ത് കേസിനെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂര്‍ പ്രസംഗവും ചര്‍ച്ച ചെയ്‌തേക്കും മണിപ്പൂര്‍ പരാമര്‍ശിക്കാതെയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തെ തുറന്ന് കാട്ടാനാണ് സിപിഐഎം ശ്രമം. തേക്കിന്‍കാട് മൈതാനിയില്‍ മഹിളാ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സംസ്ഥാന സര്‍ക്കാരിനെതിരെയുളള പരാമര്‍ശം. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. കൂടാതെ തൃശൂര്‍ പൂരത്തില്‍ രാഷ്ട്രീയക്കളിയാണ് അരങ്ങേറുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണ്. ശബരിമലയിലും സര്‍ക്കാരിന്റെ കഴിവുകേട് വ്യക്തമാണെന്നുമുളള വിമര്‍ശനങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരെ മോദി ഉന്നയിച്ചു.പിന്നാലെ മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടി നിലപാട് അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയും. സഭയ്ക്ക് അതൃപ്തിയുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തുടര്‍ന്ന് പത്രസമ്മേളനം നടത്തി മന്ത്രി സജി ചെറിയാന്‍ ബിഷപ്പുമാര്‍ക്കെതിരെയുളള തന്റെ കേക്കും വീഞ്ഞും രോമാഞ്ചം പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു.

ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ കെസിബിസിയും ദീപിക പത്രവും വിമര്‍ശനവുമായി രംഗത്തെത്തി.

Top