cpim state secretariat

തിരുവനന്തപുരം: നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കേരളം ഒറ്റമനസോടെ രംഗത്തിറങ്ങണമെന്ന് സിപിഐഎം.

ജനകീയ പ്രസ്ഥാനമായി ഏറ്റെടുത്ത് യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയെല്ലാം ഈ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളാക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സമൂഹത്തിലെ നാനാതുറകളിലുള്ള ജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം പാര്‍ടിയുടേയും ബഹുജനസംഘടനകളുടേയും പ്രവര്‍ത്തകരും സന്നദ്ധസംഘടനകളും എല്ലാതുറകളിലുമുള്ള പ്രമുഖ വ്യക്തികളും ഈ പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമാകണം.

സംസ്ഥാനത്തിന്റെ സമ്പൂര്‍ണ്ണമായ വികസനം ലക്ഷ്യംവെച്ച് എല്‍ഡിഎഫ് ഗവണ്‍മെന്റ് നടപ്പാക്കുന്ന പദ്ധതിയാണ് നവകേരള മിഷന്‍. ഹരിത കേരളമിഷന്‍, സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാമിഷന്‍, സര്‍ക്കാര്‍ ആശുപത്രികളുടെ ജനസൗഹൃദമാക്കുന്ന ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയാണ് നവകേരള മിഷന്റെ ഭാഗമായി നടപ്പിലാക്കാന്‍ പോകുന്നത്.

ഡിസംബര്‍ 8ന് ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ജലസമ്പത്ത് കാത്തുസൂക്ഷിക്കുക, ഭക്ഷ്യയോഗ്യമായ വിളകള്‍ ഉത്പാദിപ്പിക്കുക, മാലിന്യവിമുക്ത പരിസ്ഥിതി ഉറപ്പാക്കുക എന്നിവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിക്കാന്‍ പോകുന്നത്.

Top