ആകെ ആശ്വാസം സുപ്രീംകോടതി, അതും എത്ര നാള്‍ എന്ന് പറയാനാകില്ല; പ്രതികരിച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ കേന്ദ്രം തകര്‍ക്കുകയാണെന്നും സംസ്ഥാനത്ത് ഇതിനായി അവര്‍ ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആകെ ആശ്വാസം സുപ്രീംകോടതിയാണ്, അതും എത്ര നാള്‍ തുടരുമെന്ന് പറയാന്‍ ആകില്ലെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ലിലെല്ലാം അടയിരുന്നു. ഭരണഘടനാപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നില്ല. അദ്ദേഹം സംഘപരിവാറിന്റെ തിട്ടൂരം നടപ്പാക്കുന്നു. ഇങ്ങനെയൊരു ഗവര്‍ണര്‍ ഇനി തുടരണോ. ഹിന്ദുത്വ അജണ്ട നടപ്പാക്കണമല്ലോ, അതു കൊണ്ട് രാജിവക്കില്ല. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരായി യോഗ്യതയുള്ളവരെ നിയമിക്കുകയല്ല ഗവര്‍ണറുടെ ലക്ഷ്യം.

വൈസ് ചാന്‍സലര്‍മാരായി ബിജെപിക്കാരെ നിയമിക്കാന്‍ ആകുമോ എന്നതാണ് നോക്കുന്നത്. രണ്ടുവര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ അടയിരുന്നു. സുപ്രീം കോടതി ഇതില്‍ ഗവര്‍ണറെ ചോദ്യം ചെയ്തു. കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ രാജി വയ്‌ക്കേണ്ടതായിരുന്നു. പക്ഷേ രാജി വെച്ചില്ല. ഭരണഘടനയല്ല ഹിന്ദുത്വമാണ് ബിജെപിക്കാരുടെ അജണ്ടയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Top