പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ കൂടുതല്‍ ജില്ലകളില്‍ നടത്താന്‍ സിപിഐഎം

palastine-plo

തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ കൂടുതല്‍ ജില്ലകളില്‍ നടത്താന്‍ സിപിഐഎം. മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ 11ലെ കോഴിക്കോട് നടക്കുന്ന റാലിക്ക് ശേഷമായിരിക്കും മറ്റു ജില്ലകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുക. സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

കോഴിക്കോട് സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കുള്ള ക്ഷണം മുസ്ലിം ലീ?ഗ് നേതൃത്വം തള്ളി. കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ പ്രവര്‍ത്തിക്കേണ്ടെന്നാണ് നിലവിലെ തീരുമാനമെന്നാണ് വിവരം. കോഴിക്കോട്ടെ നിര്‍ണായക യോഗത്തിനു മുന്നോടിയായി പി കെ കുഞ്ഞാലിക്കുട്ടി പാണക്കാടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കെ പി എ മജീദ്, എം കെ മുനീര്‍, കെ എം ഷാജി എന്നിവര്‍ ലീ?ഗ് റാലിയില്‍ പങ്കെടുക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചെന്നാണ് വിവരം.റാലിയില്‍ പങ്കെടുക്കണമെന്നാണ് അഭിപ്രായമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതേ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇ ടി മുഹമ്മദ് ബഷീര്‍. പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടി അതിനുമുകളില്‍ തീരുമാനമെടുത്താല്‍ വിധേയനാകും. പറഞ്ഞതിനെക്കുറിച്ച് പലരീതിയില്‍ വ്യാഖ്യാനിക്കാനാണ് ശ്രമം. രാഷ്ട്രീയമായ മാറ്റത്തെക്കുറിച്ച് ലീഗ് സ്വപ്നത്തില്‍ പോലും ആലോചിച്ചിട്ടില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ഈ ജില്ലകള്‍ ഒഴികെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ പരിപാടി സംഘടിപ്പിക്കാത്തത് നവ കേരള സദസ്സിനെ ബാധിക്കുന്നതിനാലാണ്. തൃശൂരില്‍ 15ന് പരിപാടി നടത്താനാണ് സിപിഐഎം ആലോചിക്കുന്നത്. കോഴിക്കോട് മാതൃകയില്‍ ജില്ലയില്‍ സംഘാടക സമിതി രൂപീകരിക്കും. ഒപ്പം തൃശൂരില്‍ ലീഗ് ജില്ലാ നേതൃത്വത്തെ ക്ഷണിക്കുകയും ചെയ്യും. തിരുവനന്തപുരത്തെ പരിപാടിയില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

Top