‘മുങ്ങാന്‍ പോകുന്ന കപ്പലില്‍ ഒരാള്‍ കൂടി’ . . . ഇതാണ് മാണി സി കാപ്പന്റെ യു.ഡി.എഫ് പ്രവേശനത്തെ കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. എന്‍.സി.പി മൊത്തമായി യു.ഡി.എഫിലേക്ക് ചേക്കേറിയാല്‍ പോലും ഇടതുപക്ഷത്തിന് ലാഭമല്ലാതെ നഷ്ടം ഒന്നും തന്നെ വരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കണക്കുകളും അതു തന്നെയാണ് വ്യക്തമാക്കുന്നത്. എന്‍.സി.പി 2016-ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് എലത്തൂര്‍, കോട്ടക്കല്‍, കുട്ടനാട് , പാല മണ്ഡലങ്ങളിലാണ്. കോട്ടക്കല്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ വിജയിക്കാനും അവര്‍ക്കു കഴിഞ്ഞിരുന്നു.
പാലായില്‍ ഉപതിരഞ്ഞെടുപ്പിലാണ് വിജയിച്ചിരുന്നത്. അതാകട്ടെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലുമായിരുന്നു. കേരള കോണ്‍ഗ്രസ്സിലെ ഭിന്നതയും ചിഹ്നം നഷ്ടപ്പെട്ടതുമെല്ലാം ഇടതുപക്ഷത്തിന് അനുകൂലമാകുകയാണുണ്ടായത്. എന്നാല്‍, ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്. ജോസ്.കെ മാണി വിഭാഗം ഒരു പാര്‍ട്ടി എന്ന രൂപത്തില്‍ ശക്തിയാര്‍ജജിച്ചു കഴിഞ്ഞു. ചിഹ്നവും ആ വിഭാഗത്തിനു തന്നെയാണ് തിരിച്ചു കിട്ടിയിരിക്കുന്നത്. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് ചേക്കേറുക കൂടി ചെയ്തതോടെ പാലായില്‍ മാത്രമല്ല, മധ്യ തിരുവതാം കൂറില്‍ തന്നെ ഇടതുപക്ഷത്തിന് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. മലബാറിലെ മലയോര മേഖലകളിലും ഇടതുപക്ഷത്തിന് ഈ സഖ്യം ഗുണം ചെയ്യാനാണ് സാധ്യത.
മുന്നണിയെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ തുടര്‍ ഭരണസാധ്യത മുന്‍ നിര്‍ത്തിയുള്ള തീരുമാനമാണ് സി.പി.എം ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പാലാ, ജോസ്.കെ മാണി വിഭാഗത്തെ സംബന്ധിച്ച് വൈകാരിക ബന്ധമുള്ള മണ്ഡലം മാത്രമല്ല സ്വാധീനമുള്ള മണ്ഡലം കൂടിയാണ്. പുതിയ ഒരു കക്ഷി മുന്നണിയില്‍ വരുമ്പോള്‍ സീറ്റ് വിഭജനത്തില്‍ ആദ്യ പരിഗണന നല്‍കേണ്ടതും ആ പാര്‍ട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ തന്നെയാണ്. അതാണ് സാമാന്യ മര്യാദ. മാണി സി കാപ്പനായാലും എന്‍.സി.പിക്കായാലും സ്വന്തമായി ഇങ്ങനെ സ്വാധീനം അവകാശപ്പെടാന്‍ കഴിയാവുന്ന ഒറ്റ മണ്ഡലം പോലും ഈ കേരളത്തിലില്ല. പണം കൊടുത്ത് ആളെ ഇറക്കി ചെന്നിത്തലയുടെ ഐശ്വര്യയാത്രക്ക് മുന്നില്‍ ‘അഭ്യാസം’ നടത്തിയാല്‍ അത് ഐശ്വര്യമായി കോണ്‍ഗ്രസ്സിനു തോന്നാം എന്നാല്‍, പൊതു സമൂഹത്തിനു തോന്നണമെന്നില്ല. ഇവിടെയാണ് യു.ഡി.എഫിനു പിഴക്കാന്‍ പോകുന്നത്.
ഇപ്പോള്‍ തന്നെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജോസഫ് ഗ്രൂപ്പ് കലിപ്പിലാണ്. പാലാ അടക്കമുള്ള സീറ്റുകള്‍ വിട്ടു നല്‍കുന്നതിലെ ‘ബാധ്യത’ ജോസഫ് വിഭാഗത്തിന്‍ മേല്‍ തീര്‍ക്കാന്‍ ശ്രമിച്ചാല്‍ സീറ്റ് വിഭജനം തന്നെ പൊട്ടിത്തെറിയില്‍ കലാശിക്കാനാണ് സാധ്യത. എന്‍.സി.പിയെ പോലെ തന്നെ ജനസ്വാധീനമില്ലാത്ത പാര്‍ട്ടിയാണ് ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സ്. അക്കാര്യം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായിട്ടുള്ളതുമാണ്. യു.ഡി.എഫില്‍ നിലവില്‍ ജനസ്വാധീനമുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സും മുസ്ലീംലീഗും മാത്രമാണ്. മറ്റെല്ലാറ്റിന്റെയും അവസ്ഥ ഏറെ പരിതാപകരമാണ്. ഇടതുപക്ഷത്ത് സി.പി.എമ്മിനു തന്നെയാണ് കൂടുതല്‍ സ്വാധീനമുള്ളത്. മുന്നണിയുടെ നട്ടെല്ല് തന്നെ സി.പി.എമ്മാണ്. സി.പി.ഐക്ക് കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശുര്‍ ജില്ലകളിലാണ് സ്വാധീനമുള്ളത്. ജോസ്.കെ മാണി വിഭാഗത്തിന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കാര്യമായ സ്വാധീനമുണ്ട്. പിന്നെയുള്ള ഘടക കക്ഷികള്‍ക്ക് ഒന്നിനും കാര്യമായ സ്വാധീനം അവകാശപ്പെടാന്‍ കഴിയുകയില്ല.
സി.പി.എം ഒറ്റക്ക് നിന്നാല്‍ നിഷ് പ്രയാസം ജയിക്കുന്ന മണ്ഡലങ്ങളാണ് മിക്കയിടത്തും ഘടക കക്ഷികള്‍ക്കായി ആ പാര്‍ട്ടി വിട്ടു കൊടുത്തിരിക്കുന്നത്. എന്‍.സി.പി കഴിഞ്ഞ തവണ മത്സരിച്ച എലത്തൂര്‍ തന്നെ ഇതിനു ഒന്നാംന്തരം ഒരു ഉദാഹരണമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന ആഗ്രഹിക്കുന്നവരാണ് ഇവിടങ്ങളിലെ സി.പി.എം പ്രവര്‍ത്തകര്‍. അതുകൊണ്ടു തന്നെയാണ് എന്‍.സി.പി പോയാലും കുഴപ്പമില്ലെന്ന് വിലയിരുത്തി, മുഖ്യമന്ത്രിയും ഉറച്ച തീരുമാനമെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ സി.പി.എമ്മിനെ അവഗണിച്ചവര്‍ കേരളത്തില്‍ സമ്മര്‍ദ്ദവുമായി വന്നതില്‍ തന്നെ ശരികേടുണ്ട്. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരനും മാണി സി കാപ്പനും പറയുന്നത് കേട്ടാല്‍ തോന്നുക, എന്‍.സി.പി മത്സരിക്കുന്ന സീറ്റുകളെല്ലാം അവരുടെ കുത്തകയാണെന്നാണ്.
ഒറ്റക്ക് മത്സരിച്ചാല്‍ കെട്ടിവച്ച കാശ് പോലും ഒരു മണ്ഡലത്തിലും കിട്ടാത്ത പാര്‍ട്ടിയാണിത്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ കാപ്പനെയും സംഘത്തെയും വരവേല്‍ക്കുന്ന യു.ഡി.എഫ് വലിയ മണ്ടത്തരമാണ് നിലവില്‍ ചെയ്തിരിക്കുന്നത്. നടു കടലില്‍ കരപറ്റാന്‍ കഴിയാതെ ഉഴലുകയാണിപ്പോള്‍ യു.ഡി.എഫ് എന്ന കപ്പല്‍, അതിനെ കൂടുതല്‍ ആടിയുലക്കുന്നതാണ് കാപ്പന്‍ വിഭാഗത്തിന്റെ രംഗപ്രവേശം. യഥാര്‍ത്ഥ ഉള്‍പ്പോരും കാലുവാരലും ഇനി നടക്കാന്‍ പോകുന്നതും യു.ഡി.എഫില്‍ തന്നെയായിരിക്കും. അക്കാര്യം, എന്തായാലും ഉറപ്പാണ്.