കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം മികച്ച വിജയം നേടുമെന്ന് സ്ഥാനാര്‍ത്ഥികൂടിയായ എളമരം കരീം. ഗാന്ധി കുടുംബത്തിന് ചുറ്റും കോണ്‍ഗ്രസ് കറങ്ങുകയാണ്. സമരാഗ്‌നി പോലെ പൊളിഞ്ഞ പരിപാടി അവരുടെ അവസ്ഥ ദയനീയമെന്ന് കാണിക്കുന്നുവെന്നും എളമരം കരീം പരിഹസിച്ചു. പാര്‍ലമെന്റില്‍ മോദിക്കെതിരെ നടത്തിയ പ്രസംഗങ്ങളുടെ ഒരു വീഡിയോ എങ്കിലും പുറത്ത് വിടാന്‍ നിലവിലെ കോണ്‍ഗ്രസ് എംപിമാരെ വെല്ലുവിളിക്കുകയാണ്. ദിവസേന ബിജെപിയിലേക്ക് പോകുന്ന കോണ്‍ഗ്രസില്‍ നിന്ന് ന്യൂനപക്ഷം എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ ഇത് രാഷ്ട്രീയ വിഷയമാകില്ല. എസ്എഫ്‌ഐ കൊലപാതക രാഷ്ട്രീയത്തിന് പോകില്ല. ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും. സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചയായാല്‍ അത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കാന്‍ ഇപ്പോഴും രാഹുല്‍ മാത്രമേയുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിച്ചു. ബിജെപിയുടെ ഭീകര വര്‍ഗീയതയെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാമെന്ന് കോണ്‍ഗ്രസ് കരുതുകയാണ്. ന്യൂനപക്ഷം അരക്ഷിതാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുറ്റവാളികള്‍ ആരാണെന്ന് കണ്ടത്തി ശിക്ഷിക്കണമെന്നു പറഞ്ഞ എളമരം കരീം അതൊരു രാഷ്ട്രീയ കൊലയല്ലെന്നും വ്യക്തമാക്കി.