അമൃതാനന്ദമയി സാമ്രാജ്യം ആര്‍.എസ്.എസ് തണലില്‍ പടുത്തുയര്‍ത്തിയത് ; സിപിഎം

ന്യൂഡല്‍ഹി : അമൃതാനന്ദമയി തന്റെ സാമ്രാജ്യം പടുത്തിയര്‍ത്തിയത് ആര്‍.എസ്.എസിന്റെ തണലിലാണെന്ന് സി.പി.എം മുഖപത്രം.

പീപ്പിള്‍സ് ഡെമോക്രസിയുടെ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിവാദമായേക്കാവുന്ന പരാമര്‍ശം.

ലേഖനത്തില്‍ ജഗ്‌ളി വാസുദേവ് കോയമ്പത്തൂരില്‍ ഭൂമി കയ്യേറിയതായും കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച ശിവക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതായും കുറ്റപ്പെടുത്തുന്നുണ്ട്.

ബി.ജെ.പി – ആര്‍.എസ്.എസ് സര്‍ക്കാറുകളുടെ കലവറ ഇല്ലാത്ത പിന്തുണയാണ് ആത്മീയ വ്യാപാര കച്ചവടം കൊഴുപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നതെന്നും സി.പി.എം മുഖപത്രം കുറ്റപ്പെടുത്തുന്നുണ്ട്.

സി.പി.എം അനുകൂല ചാനലിന്റെ എം.ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ് അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന വിദേശ യുവതിയെ മുന്‍പ് അമേരിക്കയില്‍ പോയി അഭിമുഖം നടത്തിയത് വലിയ വിവാദത്തിന് കാരണമായിരുന്നു.

ഇതിന് ശേഷം ഒരിടവേളക്ക് ശേഷമാണ് അമൃതാനന്ദമയിക്കെതിരെ സി.പിഎം കേന്ദ്ര കമ്മിറ്റി മുഖപത്രം തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന സാഹചര്യത്തില്‍ അമൃതാനന്ദമയിക്കെതിരായ ഇപ്പോഴത്തെ സി.പിഎം നിലപാടിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

പ്രത്യേകിച്ച് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അമൃതാനന്ദമയി മഠത്തില്‍ വച്ച് അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സത് നാം സിംഗിന്റെ കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍.

മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി കോടതിയില്‍ ഉടന്‍ പരിഗണിക്കുന്നുണ്ട്.

മര്‍ദ്ദനമേറ്റ പരിക്കുകളോടെയായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഇവിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും നിര്‍ണ്ണായകമാകുക.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ ഹര്‍ജി പരിഗണനയില്‍ വന്ന സമയങ്ങളിലെല്ലാം അഡ്വക്കേറ്റ് ജനറലും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഇടപെട്ട് ഓരോ തടസവാദങ്ങള്‍ ഉന്നയിച്ച് 45 തവണയാണ് കേസ് മാറ്റിവെപ്പിച്ചിരുന്നത്.

റിപ്പോര്‍ട്ട്; ടി. അരുണ്‍കുമാര്‍

Top