ചെങ്ങന്നൂരില്‍ സിപിഎം-ബിജെപി പോരാട്ടം, മൂന്നാം സ്ഥാനത്ത് കോണ്‍ഗ്രസ്സിനെ ‘തള്ളി’

chenganoor

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ സി.പി.എം-ബി.ജെ.പി മത്സരമാക്കി മാറ്റി സംഘ പരിവാറിന്റെ തന്ത്രപരമായ പ്രചരണം. പിണറായി സര്‍ക്കാറിനെതിരെ കാര്യക്ഷമമായി പ്രതികരിക്കാത്ത യു.ഡി.എഫിനെ യഥാര്‍ത്ഥ പ്രതിപക്ഷമായി പൊതു സമൂഹം അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രചരണം നടത്തുന്നത്.

ഇടതു സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെയും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും ശക്തമായി പ്രതികരിക്കുന്ന ബി.ജെ.പിക്ക് ചെങ്ങന്നൂരില്‍ ഒരവസരം തന്നാല്‍ കേരള രാഷ്ട്രീയം തന്നെ മാറ്റിമറിക്കുമെന്നാണ് വാഗ്ദാനം. അവസരവാദികളായ ബി.ഡി.ജെ.എസ് എതിര്‍ നിലപാട് സ്വീകരിക്കുന്നത് മണ്ഡലത്തില്‍ ഗുണം ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

എസ്.എന്‍.ഡി.പി യോഗത്തിനും ബി.ഡി.ജെ.എസിനും ചെങ്ങന്നൂരിലെ ഈഴവ വിഭാഗത്തിനിടയില്‍ രാഷ്ട്രിയ സ്വാധീനമില്ലെന്നും മറിച്ച് സംഘടിത വിഭാഗമായ എന്‍.എസ്.എസിന് നായര്‍ വിഭാഗത്തില്‍ വലിയ സ്വാധീനമുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. നായര്‍ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഇവിടെ രംഗത്തിറക്കിയിരിക്കുന്നത് തന്നെ ഈ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്.

സി.പി.എം ആകട്ടെ മണ്ഡലത്തിലെ അര ലക്ഷത്തോളം വരുന്ന ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ടാണ് സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച കൈസ്തവ വോട്ടുകളില്‍ ഇത്തവണ യു.ഡി.എഫിന് പ്രതീക്ഷയില്ല. ഈ കുറവ് നേട്ടമായാല്‍ ബി.ജെ.പി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ മറികടക്കും.

ബി.ഡി.ജെ.എസ് പിന്തുണയില്ലാത്തത് ബി.ജെ.പി മുന്നേറ്റത്തെ ഒരു കാരണവശാലും സ്വാധീനിക്കില്ലന്നാണ് നേതാക്കളുടെ അവകാശവാദം. യാര്‍ത്ഥ ശ്രീനാരായണീയര്‍ താമര ചിഹ്നത്തില്‍ തന്നെ വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയ്ക്കും സംശയമില്ല.

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുന്‍ കേന്ദ്ര സഹമന്ത്രി പി.സി തോമസ് എന്നിവരാണ് ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ട് ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത്. ശ്രീധരന്‍ പിള്ള രചിച്ച ‘ഡാര്‍ക്ക് ഡേയ്സ് ഓഫ് ഡെമോക്രസി’ എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി മാര്‍ത്തോമ്മാ സഭ ഡല്‍ഹി ബിഷപ്പ് ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസിനു നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് പ്രകാശനം ചെയ്യിച്ചതിനു പിന്നിലും തന്ത്രപരമായ നീക്കമായിരുന്നു.

എന്‍.എസ്.എസ് നേതൃത്വവുമായി ഏറെ അടുപ്പമുള്ള സ്ഥാനാര്‍ത്ഥി കൂടിയാണ് ശ്രീധരന്‍ പിള്ള. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡി.വിജയകുമാര്‍ ആകട്ടെ എന്‍.എസ്.എസ് പിന്തുണ തനിക്കും ലഭിക്കുമെന്ന പ്രതിക്ഷയിലാണ്.

കേരള കോണ്‍ഗ്രസ്സും എന്‍.എസ്.എസും സമദൂര നിലപാടായിരിക്കും പരസ്യമായി സ്വീകരിക്കുകയെങ്കിലും രണ്ട് വിഭാഗത്തില്‍ നിന്നുമുണ്ടാകുന്ന അടിയൊഴുക്കുകളായിരിക്കും ആത്യന്തികമായി ആര് വിജയിക്കുമെന്നതില്‍ നിര്‍ണ്ണായകമാവുക.

യു.പിയിലും ബീഹാറിലും ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും സി.പി.എം ചെങ്കോട്ടയായ ത്രിപുര ബി.ജെ.പി പിടിച്ചെടുത്തത് ചെങ്ങന്നൂരില്‍ ബി.ജെ.പി പ്രചരണമാകുന്നുണ്ട്. ചെങ്ങന്നൂരിലൂടെ കേരള രാഷ്ട്രീയത്തിലെ പൊളിച്ചെഴുത്തിന് ഭാഗവാക്കാവനാണ് ജനങ്ങളോട് സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി 52,880 വോട്ട് നേടിയാണ് യു.ഡി.എഫിലെ പി.സി വിഷ്ണുനാഥിനെ തോല്‍പ്പിച്ചത്. വിഷ്ണുനാഥ് 44,897 വോട്ട് നേടിയപ്പോള്‍ 42,682 വോട്ട് നേടി ബി.ജെ.പി സകലരെയും ഞെട്ടിച്ചിരുന്നു.

കേരള കോണ്‍ഗ്രസ്സ് കഴിഞ്ഞ തവണ യു.ഡി.എഫില്‍ ഇല്ലായിരുന്നുവെങ്കില്‍ രണ്ടാം സ്ഥാനത്ത് വരുമായിരുന്നത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയാവുമായിരുന്നു. ഈ കണക്കുകള്‍ മുന്‍ നിര്‍ത്തി തന്നെയാണ് ശ്രീധരന്‍ പിള്ളയെ വീണ്ടും ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് -ബി.ജെ.പി മത്സരമായി ചിത്രീകരിക്കപ്പെട്ടത് ബി. ജെ.പിക്ക് ഗുണം ചെയ്തതു പോലെ ചെങ്ങന്നൂരില്‍ സി.പി.എം-ബി.ജെ.പി മത്സരമാക്കി മാറ്റിയാല്‍ അട്ടിമറി നേട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

അയല്‍ക്കൂട്ട യോഗങ്ങള്‍, ഗൃഹ സമ്പര്‍ക്കം എന്നിവയ്ക്കാണ് ബി.ജെ.പി പ്രഥമ പരിഗണന കൊടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കേഡര്‍മാര്‍ സ്ഥലത്ത് തമ്പടിച്ചാണ് പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നത്. ആര്‍.എസ്.എസ് ഇവിടെ സജീവമായി ശ്രീധരന്‍ പിള്ളക്കായി രംഗത്തുണ്ട്.

സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയം മുതല്‍ കണ്ണൂരിലെ ‘വയല്‍ക്കിളികള്‍’ വരെ ചെങ്ങന്നൂരില്‍ പ്രതിപക്ഷം സജീവ പ്രചരണമാക്കുന്നുണ്ട്. ഇതിനിടെ കേരള കോണ്‍ഗ്രസ്സ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം മന:സാക്ഷി വോട്ടിന് പാര്‍ട്ടി തീരുമാനിച്ചാല്‍ സജി ചെറിയാനാണ് താന്‍ വോട്ട് ചെയ്യുക എന്ന് പറഞ്ഞത് യു.ഡി.എഫിന് തിരിച്ചടിയായിട്ടുണ്ട്. അണികള്‍ക്കുള്ള സന്ദേശമായിട്ടാണ് ഈ പ്രസ്താവനയെ യു.ഡി.എഫ് നേതാക്കള്‍ നോക്കി കാണുന്നത്

Top