കേന്ദ്ര ഏജൻസിക്കെതിരെ സി.പി.എം, ‘മൊട’ കാണിച്ചാൽ നേരിടാൻ തീരുമാനം

കേന്ദ്ര സര്‍ക്കാറിന്റെ പകപോക്കല്‍ രാഷ്ട്രീയത്തെ ചെറുക്കാനും  ഒരു കേരള മാതൃക. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും കളിക്കുന്ന പക പോക്കല്‍ രാഷ്ട്രീയത്തിന് വഴങ്ങേണ്ടതില്ലന്നതാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറും സി.പി.എമ്മും തീരുമാനിച്ചിരിക്കുന്നത്. ഇ.ഡിക്കു മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം തോമസ് ഐസക്ക് നിരാകരിച്ചിരിക്കുന്നതും  ഈ തീരുമാനത്തിന്റെ ഭാഗമായാണ്. ഏറ്റുമുട്ടാനും തയ്യാറെന്ന പ്രഖ്യാപനത്തിന് തുല്യമാണിത്. ഇ.ഡിക്കു മുന്നില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹാജരായി ചോദ്യം ചെയ്യലിനു വിധേയമായ ഘട്ടത്തില്‍ തന്നെയാണ് ഇ.ഡിയോട് സി.പി.എം നേതാവ് കൂടിയായ തോമസ് ഐസക്ക് നോ പറഞ്ഞിരിക്കുന്നത്. തനിക്ക് പറയാനുള്ളത് എഴുതി നല്‍കും എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. സി.പി.എം തീരുമാനവും അതു തന്നെയാണ്. തോമസ് ഐസക്കില്‍ തുടങ്ങി ഒടുവില്‍ മുഖ്യമന്ത്രിയെ വരെ ചോദ്യം ചെയ്യാനാണ് ഇ.ഡി ശ്രമിക്കുന്നത് എന്നാണ് സി.പി.എം വിലയിരുത്തുന്നത്.

സ്വര്‍ണ്ണക്കടത്തു കേസ് പ്രതി  സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ ഇ.ഡി ശ്രമിക്കുന്നത്. കേസ് കേരളത്തിനു പുറത്തേക്ക് മാറ്റണമെന്ന് സുപ്രീം കോടതിയില്‍ ഇ.ഡി ആവശ്യപ്പെട്ടതും പ്രതിഷേധം ഭയന്നാണ്.
കോണ്‍ഗ്രസ്സ് നേതാക്കള്‍ വഴങ്ങുന്നതു പോലെ സി.പി.എം നേതാക്കള്‍ വഴങ്ങില്ലന്നും  കോണ്‍ഗ്രസ്സ് പ്രതിഷേധിക്കുന്നതു പോലെയാകില്ല സി.പി.എം പ്രതിഷേധമെന്നതും അന്വേഷണ സംഘവും തിരിച്ചറിയുന്നുണ്ട്. ഈ ബോധ്യം നല്ലതു പോലെ കേന്ദ്ര സര്‍ക്കാറിനുമുണ്ട്. അതു കൊണ്ട് തന്നെ ശ്രദ്ധിച്ചാണ് കേരളത്തില്‍ ഇ.ഡി ഇപ്പോള്‍ ഇടപെടുന്നത്.

കിഫ്ബി മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍  അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍,ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലന്നും  മറുപടി എഴുതി നല്‍കിയാല്‍ മതിയെന്നും സിപിഎം നേതൃത്വം നിര്‍ദ്ദേശിക്കുകയാണ് ഉണ്ടായത്. കിഫ്ബിക്കെതിരായ കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനും സി.പി.എം അനുമതി നല്‍കിയിട്ടുണ്ട്. അതിരുവിട്ട സാഹസത്തിന് കേന്ദ്ര ഏജന്‍സികള്‍ മുതിര്‍ന്നാല്‍ ശക്തമായ നടപടികള്‍ സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുമെന്നാണ് സി.പി.എം നേതാക്കള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഓര്‍ക്കുന്നത് നല്ലതാണെന്നാണ് സി.പി.എം നേതൃത്വം തുറന്നടിച്ചിരിക്കുന്നത്.

മമതയുടെ ബംഗാളില്‍ വരെ കയറി വിറപ്പിച്ച ഇ.ഡി  കേരള സര്‍ക്കാറിന്റെയും  സി.പി.എമ്മിന്റെയും പ്രതിരോധ നീക്കങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ്. ഇനി ഒരടി അവര്‍ക്ക് മുന്നോട്ട് പോകണമെങ്കില്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശം അനിവാര്യമാണ്. അതിനായാണ് ഇ.ഡി ഉദ്യോഗസ്ഥരും കാത്തു നില്‍ക്കുന്നത്.

മുന്‍പ് സി.ബി.ഐ ആണ് താരമെങ്കില്‍,മോദി സര്‍ക്കാരിന്റെ കാലത്ത്  ‘ആക്ഷന്‍ ഹീറോ’ യായി മാറുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇ.ഡിയാണ്. അവരെ അങ്ങനെ മാറ്റി എടുത്തു എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയ എതിരാളികളെ കുടുക്കാനും  വരുതിയിലാക്കാനും കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് നല്ലൊരു ആയുധമാണ് ഇ.ഡി. സി.ബി.ഐയെ പോലെ ‘പരിമിതിയില്ലാതെ’ ഇടപെടാന്‍ ഇ.ഡിക്കു കഴിയും. രാഷ്ട്രീയ നേതാക്കള്‍ സമ്പാദിക്കുന്ന കള്ളപ്പണത്തില്‍ മാത്രമാണ് ഇ.ഡിയുടെ കണ്ണ്. ഏത് തരം തെറ്റായ സാമ്പത്തിക ഇടപാടുകള്‍ക്ക് മേലും അന്വേഷണം നടത്താനുള്ള അധികാരം ഇഡിക്കുണ്ട്. രാഷ്ട്രീയ നേതാക്കള്‍ ഭയക്കുന്നതും ഈ അധികാരത്തെയാണ്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും രാഹുലുമുള്‍പ്പെടെ ഇ.ഡി.യുടെ അന്വേഷണവലയത്തില്‍ ഇന്ന് രാജ്യത്തുള്ളത്  33 മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളാണ്. എന്‍.ഡി.എ പക്ഷത്തുനിന്നും ഇ.ഡി.യുടെ കണ്ണില്‍പ്പെട്ടിരിക്കുന്നത് വെറും മൂന്നു നേതാക്കള്‍ മാത്രമാണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, നടനും ബംഗാളിലെ ബി.ജെ.പി. നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി, ബംഗാളിലെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി എന്നിവരാണ്  ഇഡിയുടെ ലിസ്റ്റില്‍പ്പെട്ട ബി.ജെ.പി നേതാക്കള്‍. ഇതില്‍ മിഥുന്‍ ചക്രവര്‍ത്തിയും സുവേന്ദു അധികാരിയും  മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്നു. അക്കാലത്തുള്ളതാണ് ഇവരുടെ പേരിലുള്ള ഇ.ഡി. കേസ്. യെദ്യൂരപ്പയ്‌ക്കെതിരായ നടപടികളാകട്ടെ ഇപ്പോഴും എങ്ങും എത്തിയിട്ടുമില്ല.

സി.ബി.ഐ. എന്ന മൂന്നക്ഷരത്തിനുണ്ടായിരുന്ന പവറിനെ മറികടന്ന്  രണ്ടക്ഷരമുള്ള -ഇ.ഡിക്ക് സൂപ്പര്‍ പവറാകാന്‍ കഴിഞ്ഞത് കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരമുള്ള അധികാരം കൂടി കിട്ടിയതോടെയാണ്. ഈ നിയമപ്രകാരം ആരെയും അറസ്റ്റുചെയ്യാനും സ്വത്തുവക കണ്ടുകെട്ടാനുമുള്ള അധികാരം അടുത്തയിടെയാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്നത്.
ഭരണപക്ഷത്തുള്ളവരെ സംബന്ധിച്ച് ഇ.ഡി ഇപ്പോള്‍ നായകനാണ് .എന്നാല്‍, പ്രതിപക്ഷത്തെ സംബന്ധിച്ചാകട്ടെ അവര്‍ പ്രതിനായകരുമാണ്. വേണ്ടപ്പെട്ടവരെ സംരക്ഷിച്ചും എതിരികളെ കുരുക്കിയും അവശേഷിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയുമാണ് ഇ.ഡി മുന്നോട്ട് പോകുന്നത്. ഇങ്ങനെ അവര്‍ പല നിലപാടുകള്‍ സ്വീകരിക്കുന്നതിന് ഉദാഹരണങ്ങളും  നിരവധിയാണ്.
ബംഗാളിലെ നാരദ, ശാരദ കേസുകള്‍ തന്നെ പരിശോധിക്കാം.

2014-ല്‍, ഒളിക്യാമറ ഓപ്പറേഷനിലൂടെ നാലുമന്ത്രിമാരും ഏഴു എം.പി.മാരും ഉള്‍പ്പെടെ, കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതാണ് പ്രമാദമായ നാരദ കേസ്. അക്കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്നു സുവേന്ദു അധികാരി. കേസില്‍ അദ്ദേഹത്തെ പലവട്ടം ചോദ്യംചെയ്യാന്‍ ഇ.ഡി വിളിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം സുവേന്ദു തൃണമൂല്‍വിട്ട് ബി.ജെ.പി.യിലേക്ക് ചേക്കേറിയതോടെ തുടര്‍ നടപടികളാണ് നിലച്ചിരിക്കുന്നത്. ഇതിനുശേഷം ഇ.ഡി. നല്‍കിയ കുറ്റപത്രത്തില്‍  അദ്ദേഹത്തിന്റെ പേരു തന്നെ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. തൃണമൂല്‍ നേതാക്കളായ ഫിര്‍ഹാദ് ഹക്കിം മദന്‍മിത്ര സുബ്രത മുഖര്‍ജി എന്നിവര്‍ ഇപ്പോഴും ഈ കേസില്‍ പ്രതികളാണ് എന്നതും നാം തിരിച്ചറിയണം.

അതുപോലെത്തന്നെയാണ്, കോളിളക്കം സൃഷ്ടിക ശാരദചിട്ടിത്തട്ടിപ്പു കേസും.അസം മുഖ്യമന്ത്രിയായിരുന്ന ഹിമന്ദ ബിശ്വ ശര്‍മയ്ക്ക് കൈക്കൂലി നല്‍കിയതായി ആരോപിച്ച് ശാരദ ഗ്രൂപ്പ് ഉടമയും കേസിലെ മുഖ്യപ്രതിയുമായ സുദീപ്ത സെന്നാണ് സി.ബി.ഐ.ക്ക് കത്തയച്ചിരുന്നത്.
അക്കാലത്ത് കോണ്‍ഗ്രസിലായിരുന്ന ശര്‍മ, പിന്നീട് ബി.ജെ.പി.യിലേക്ക് കൂടുമാറുകയാണ് ഉണ്ടായത്. ഗുരുതര ആരോപണമുയര്‍ന്നിട്ടും ഹിമന്തയെ ഒന്ന് ചോദ്യംചെയ്യാന്‍ പോലും അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് തയ്യാറായിട്ടില്ല. അതേസമയം, സുദീപ്ത സെന്നിന്റെ ആരോപണം നേരിട്ട തൃണമൂല്‍ നേതാക്കളുടെ പേരില്‍ കേസെടുക്കുകയും ചെയ്യുകയുണ്ടായി. രണ്ടു നീതിയാണ് അവിടെയും ഇ.ഡി നടപ്പാക്കിയിരുന്നത്.

സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പി. ചിദംബരം, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോതിന്റെ സഹോദരന്‍, ഹരിയാനയിലെ പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ, കര്‍ണാടകത്തിലെ കോണ്‍ഗ്രസ് അധ്യക്ഷനും എം.എല്‍.എ.യുമായ ഡി.കെ. ശിവകുമാര്‍, മണിപ്പുരിലെ കോണ്‍ഗ്രസ് നേതാവ് ഒക്രം ഇബോബി സിങ്. തുടങ്ങിയവരാണ് ഇ.ഡി അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍. ഇവര്‍ക്കു പുറമെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ഉദ്ധവ് താക്കറെയുടെ മരുമകന്‍ അനില്‍ പരബ്, ആനന്ദറാവു എന്നിവരും അന്വേഷണം നേരിടുന്നുണ്ട്. എന്‍സിപിയില്‍ നിന്നും ശരത് പവാര്‍, അജിത് പവാര്‍, നവാബ് മാലിക്, അനില്‍ ദേശ്മുഖ്, ഛഗന്‍ ഭുജ്ബല്‍, ഏക്നാഥ് ഖഡ്സെ എന്നിവരാണ് ഇ.ഡിയുടെ കുരുക്കില്‍ കുടുങ്ങിയിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി ,മദന്‍ മിത്ര, ഫിര്‍ഹാദ് ഹക്കിം, കുനാല്‍ ഘോഷ്, സൗഗത റോയി എന്നിവരും പെട്ടു കിടക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ ആണ്  ഇ.ഡി അന്വേഷണം നേരിടുന്നത്.ടി.ആര്‍.എസില്‍ നിന്നും ലോക്‌സഭാംഗവും പ്രധാനനേതാവുമായ നാമ നാഗേശ്വര്‍ റാവുവും പെട്ടുകിടക്കുകയാണ്. ആര്‍.ജെ.ഡിയില്‍  ലാലുപ്രസാദ് യാദവിനു പുറമെ  മകനും ബിഹാറിലെ പ്രതിപക്ഷനേതാവുമായ തേജസ്വി യാദവ് മകളും രാജ്യസഭാംഗവുമായ മിസ ഭാരതി എന്നിവരും ഇ.ഡി അന്വേഷണം നേരിടുന്നുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ, ഫറൂഖ് അബ്ദുള്ളയും, ഇ.ഡിയുടെ വലയത്തിലാണുള്ളത്.

ഇവര്‍ക്ക് എല്ലാം പുറമെയാണ് ഇപ്പോള്‍, സി.പി.എം നേതാവായ തോമസ് ഐസക്കിനെയും പിണറായി വിജയനെയും കുരുക്കാന്‍ ശ്രമിക്കുന്നത്.കിഫ്ബി മസാലബോണ്ട് വിഷയത്തില്‍ മുന്‍ ധനമന്ത്രിയെയും സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെയും കുരുക്കിലാക്കാനാണ് ശ്രമം. ഈ നീക്കം തിരിച്ചറിഞ്ഞാണ് സി.പി.എമ്മും പ്രതിരോധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇനി എന്തു സംഭവിക്കുമെന്നത്  കണ്ടു തന്നെ അറിയേണ്ട കാര്യമാണ്.


EXPRESS KERALA VIEW

Top