പ്രകാശ് കാരാട്ടും സംഘവും ‘കുലം കുത്തികള്‍’ ശുദ്ധീകരണത്തിനൊരുങ്ങി സി.പി.എം നീക്കം !

Prakash Karat

ന്യൂഡല്‍ഹി: പ്രകാശ് കാരാട്ട്-എസ്.ആര്‍.പി കൂട്ട് കെട്ടിന്റെ നിലപാടുകള്‍ക്കെതിരെ സി.പി.എമ്മില്‍ പുതിയ പോര്‍മുഖം തുറക്കുന്നു.

പാര്‍ട്ടി ചെങ്കോട്ടയായിരുന്ന ത്രിപുര കൂടി കൈവിട്ടതോടെ ദേശീയ രാഷ്ട്രീയത്തില്‍ വന്‍ തിരിച്ചടി നേരിട്ട സി.പി.എമ്മിന് തിരിച്ചു വരാന്‍ പാര്‍ട്ടിക്കകത്ത് ‘ഷോക്ക് ‘ട്രീറ്റ് മെന്റ് അനിവാര്യമായിരിക്കുകയാണ്.

ജോതിഭസുവിന് പ്രധാനമന്ത്രിയാകാനുള്ള അവസരം തട്ടി തെറിപ്പിച്ച പ്രകാശ് കാരാട്ടും സംഘവും തന്നെയാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ തകര്‍ച്ചക്ക് വഴിമരുന്നിട്ടിരിക്കുന്നതെന്ന നിലപാടിലാണ് പ്രബല വിഭാഗം.

കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുമുള്ള ധാരണ വേണ്ടെന്ന് പറഞ്ഞ കാരാട്ട് ലൈന്‍ ഇനി നടപ്പാക്കുകയാണെങ്കില്‍ സി.പി.എമ്മിനെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് ആക്കി പുനര്‍ നാമകരണം ചെയ്യേണ്ടി വരുമെന്നാണ് ഈ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

കാരാട്ട് വിഭാഗത്തിന്റെ നിലപാടിനൊപ്പം കൈ പൊക്കി സീതാറാം യച്ചൂരിയുടെ നിര്‍ദ്ദേശം തള്ളിയ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്കിടയില്‍ പോലും ത്രിപുര തോല്‍വിയോടെ പുനര്‍വിചിന്തനം ഉണ്ടായിരിക്കുകയാണ്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ മുഖ്യശത്രുവായി കണ്ട് മുന്നോട്ട് പോകുമ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുമായി സഖ്യമാകാമെന്ന യെച്ചൂരിയുടെ നിലപാടിനാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ പിന്തുണ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നത്.

ഞായറാഴ്ച തുടങ്ങിയ സി.പി.എം ബംഗാള്‍ സംസ്ഥാന സമ്മേളനത്തില്‍ ഇതു സംബന്ധമായ പ്രമേയം പ്രകാശ് കാരാട്ടിനെ സാക്ഷിയാക്കി അവതരിപ്പിച്ച് പാസാക്കാനാണ് നീക്കം. കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നു വരുമെന്നാണ് സൂചന.

ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വച്ച് കേന്ദ്ര കമ്മറ്റി തീരുമാനം തിരുത്തിക്കാനാണ് ബംഗാള്‍-ത്രിപുര ഘടകങ്ങളുടെ ശ്രമം.

പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സമ്മേളന പ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് കേരളത്തില്‍ നിന്നാണെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ കോണ്‍ഗ്രസ്സ് ധാരണ സംബന്ധിച്ച് കേന്ദ്ര കമ്മറ്റി അംഗീകരിച്ച നിലപാട് തിരുത്തപ്പെടും. ബംഗാള്‍ ഘടകമായിരിക്കും ബദല്‍ പ്രമേയം അവതരിപ്പിക്കുക.

അതേ സമയം എണ്‍പത് വയസ്സ് പിന്നിട്ട എസ്.രാമചന്ദ്രന്‍ പിള്ള സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഇത്തവണ ഒഴിവാക്കപ്പെടുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്. അദ്ദേഹം വി.എസിനെ പോലെ കേന്ദ്ര കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരുമോയെന്ന കാര്യവും കണ്ടറിയേണ്ടതാണ്.

യച്ചൂരിക്ക് പകരം പി.ബി അംഗങ്ങളായ ബി.വി രാഘവുലു, വൃന്ദ കാരാട്ട് എന്നിവരില്‍ ആരെയെങ്കിലും ജനറല്‍ സെക്രട്ടറിയാക്കാനുള്ള കാരാട്ട് പക്ഷത്തിന്റെ നീക്കവും ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപ്പിലാകില്ല.

ത്രിപുരയിലെ തോല്‍വിയോടെ പാര്‍ട്ടിക്കകത്ത് കൂടുതല്‍ കരുത്തനായ യച്ചൂരി തന്നെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

റിപ്പോര്‍ട്ട്: ടി. അരുണ്‍ കുമാര്‍

Top