പശ്ചിമ ബംഗാളില്‍ സീറ്റുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച് സി.പി.എം., ഇടതുപക്ഷവുമായി സഖ്യമായ കോണ്‍ഗ്രസ്സിനും നേട്ടം

ശ്ചിമ ബംഗാളില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുറത്തു വരുന്ന ചിത്രം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍ തൂക്കം ഉണ്ട് എന്നതു തന്നെയാണ്. എന്നാല്‍, കഴിഞ്ഞ തവണത്തേതിനു സമാനമായ ഒരു വിജയം നേടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനു ഇത്തവണ കഴിയുന്നില്ല എന്നതും വ്യക്തമാണ്. പുറത്തു വരുന്ന കണക്കുകള്‍ അതു തന്നെയാണ് സൂചിപ്പിക്കുന്നത്. തകര്‍ന്ന് തരിപ്പണമായടത്തു നിന്നും ശക്തമായ ഒരു തിരിച്ചുവരവാണ് സി.പി.എമ്മും ഇടതു സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ്സും പശ്ചിമ ബംഗാളില്‍ നടത്തി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റം തന്നെയാണിത്. അതെന്തായാലും പറയാതെ വയ്യ.

അവസാനം വന്ന അപ്‌ഡേറ്റ് പ്രകാരം തൃണമൂല്‍ 42,097 സീറ്റുകളിലാണ് വിജയിച്ചത്. ബി.ജെ.പി 9,223 സീറ്റുകളിലും സി.പി.എം 3,021 സീറ്റുകളിലും ഇതുവരെ വിജയിച്ചിട്ടുണ്ട്. ഇടതുപക്ഷവുമായി ധാരണയില്‍ മത്സരിച്ച കോണ്‍ഗ്രസ്സ്  2,430 സീറ്റുകളിലാണ് വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഇതുവരെ ഒരു നഗരസഭാ ഭരണവും പിടിക്കാന്‍ കഴിഞ്ഞിട്ടില്ലങ്കിലും, സി.പി.എം ഒരു നഗരസഭാ ഭരണം പിടിച്ചെടുത്തിട്ടുണ്ട്.

ആഞ്ഞുപിടിച്ചാല്‍ ഭാവിയില്‍ വീണ്ടും ബംഗാളിനെ ചുവപ്പിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസം സി.പി.എം – അണികള്‍ക്കിടയില്‍ ശക്തമായാല്‍ അത് മമതയുടെ മുന്നോട്ടുള്ള പ്രയാണത്തെയാണ് തടസ്സപ്പെടുത്തുക. തൃണമൂല്‍ ഭരണം പിടിച്ചപ്പോള്‍ സ്വന്തം ഗ്രാമങ്ങളില്‍ നിന്നും പലായനം ചെയ്ത സി.പി.എം പ്രവര്‍ത്തകര്‍ക്ക് തിരിച്ചു വരാനുള്ള ഒരു സാഹചര്യമാണ് തദ്ദേശ തിരഞ്ഞെടുപ്പോടെ ഒരുങ്ങിയിരിക്കുന്നത്. അതും ഈ തിരഞ്ഞെടുപ്പിന്റെ മാത്രം പ്രത്യേകതയാണ്.

‘അടിക്ക് പകരം അടി’ എന്ന നിലപാടാണ് ഇത്തവണ സി.പി.എം സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഇടങ്ങളില്‍ പോലും തൃണമൂല്‍ ആക്രമണത്തെ കായികമായി നേരിട്ടത് സി.പി.എം പ്രവര്‍ത്തകരാണ്. മരണ സംഖ്യ ഉയര്‍ന്നതും അതു കൊണ്ടാണ്. സി.പി.എമ്മുമായി തിരഞ്ഞെടുപ്പ് ധാരണയില്‍ മത്സരിച്ച കോണ്‍ഗ്രസ്സും സീറ്റുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പൂര്‍ണ്ണമായ കണക്കുകള്‍ പുറത്തുവന്നാലേ ചിത്രം വ്യക്തമാവുകയൊള്ളൂ.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തൃണമൂലിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച ബി.ജെ.പിക്ക് അവര്‍ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മുന്നേറ്റം തദ്ദേശ തിരഞ്ഞെടുപ്പില്‍ സാധ്യമായിട്ടില്ല. സി.പി.എമ്മും കോണ്‍ഗ്രസ്സും സ്വാധീനം വര്‍ദ്ധിപ്പിച്ചതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 34% സീറ്റുകളിലും എതിരില്ലാതെ ജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സിനു ഇത്തവണ അത് ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 90% സീറ്റുകളിലും വിജയിച്ചതും തൃണമൂലാണ്. ഇതില്‍ നിന്നും ഇത്തവണ എത്ര ശതമാനം കുറഞ്ഞാലും അത് തൃണമൂലിന്റെ അടിത്തറ തകരുന്നതിന്റെ ലക്ഷണമാണ്. അത് സംഭവിച്ചു തുടങ്ങി എന്നതാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശം. പൊരിഞ്ഞ പോരാട്ടം തന്നെയാണ് ഇത്തവണ പശ്ചിമബംഗാളില്‍ നടന്നിരിക്കുന്നത്. 42 ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംസ്ഥാനമായതിനാല്‍ ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങള്‍ എല്ലാം അതീവ പ്രാധാന്യത്തോടെയാണ് ബംഗാള്‍ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്.

ചൊവ്വാഴ്ച രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പശ്ചിമ ബംഗാളിലെ 22 ജില്ലകളിലെ 339 കേന്ദ്രങ്ങളിലായാണ് ജൂലൈ 11 ന് വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നത്. 22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും, പഞ്ചായത്ത് സമിതികളിലെ 9,730 സീറ്റുകളിലും, ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലേക്കുമാണ്, വോട്ടെടുപ്പ് നടന്നിരിക്കുന്നത്. 2.06 ലക്ഷം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന ഈ തിരഞ്ഞെടുപ്പിനെ കേന്ദ്രസര്‍ക്കാരും വളരെ പ്രാധാന്യത്തോടെയാണ് വിലയിരുത്തുന്നത്.

വോട്ടെടുപ്പ് ദിനത്തില്‍ മാത്രം 15 പേരാണ് ബോംബേറിലും സംഘര്‍ഷങ്ങളിലുമായി ബംഗാളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. വോട്ടെണ്ണല്‍ ദിവസവും അക്രമ പരമ്പര തുടരുകയാണ്. തൃണമൂല്‍ മുന്നേറ്റത്തെ ഭരണകൂട പിന്തുണയോടെയുള്ള ഗുണ്ടായിസത്തിന്റെയും ആക്രമണങ്ങളുടെയും വിജയമായാണ് സി.പി.എം. പരിഹസിക്കുന്നത്. തൃണമൂല്‍ ആക്രമണത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ പറ്റിയ ഇടങ്ങളിലെല്ലാം സി.പി.എമ്മിന് വലിയ മുന്നേറ്റം സാധ്യമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകളും അതാണ്. സി.പി.എം. നല്‍കിയ ധൈര്യം ചില കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്സിനെയും തുണച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രവണത പരിശോധിച്ചാല്‍, ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസ്സിനും പ്രതീക്ഷയ്ക്കു വകയുണ്ട്. തൃണമൂലിനും ബി.ജെ.പിക്കും എതിരെ പരസ്പര ധാരണയില്‍ മത്സരിച്ചാല്‍, നിരവധി ലോകസഭ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ ഈ സഖ്യത്തിന് സാധിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തു വരുമ്പോള്‍ തീര്‍ച്ചയായും തൃണമൂലിനും ബി.ജെ.പിക്കും ആശങ്കപ്പെടേണ്ടി തന്നെ വരും. സീറ്റുകളുടെ കാര്യത്തിലായാലും, വോട്ടിങ്ങ് ശതമാനത്തിന്റെ കാര്യത്തിലായാലും തരക്കേടല്ലാത്ത മുന്നേറ്റം സി.പി.എമ്മും കോണ്‍ഗ്രസ്സും നടത്തിയിട്ടുണ്ട്.

EXPRESS KERALA VIEW

Top