Cpm and Dyfi in Nilambur

മലപ്പുറം: സി.പി.എം നിലമ്പൂര്‍ ഏരിയാ നേതൃത്വത്തിനെതിരെ വിമര്‍ശിച്ച ഡിവൈഎഫ്‌ഐ നേതാക്കളെ കൂട്ടത്തോടെ വെട്ടിനിരത്തി. പാര്‍ട്ടി ഏരിയാസെക്രട്ടറിയുടെ നാട്ടുകാരനെ ബ്ലോക്ക് സെക്രട്ടറിയുമാക്കി. നിലമ്പൂരില്‍ സി.പി.എം വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചവരെയാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നിന്നും വെട്ടിനീക്കിയത്.

ബ്ലോക്ക് സെക്രട്ടറിയേറ്റില്‍ പാര്‍ട്ടി ഫ്രാക്ഷന്‍ വിളിക്കാതെ ബ്ലോക്ക് കമ്മിറ്റിയില്‍ പാനല്‍ അവതരിപ്പിച്ച് സി.പി.എം ഏരിയാ നേതൃത്വം ഇഷ്ടപ്പെട്ടവരെ അവരോധിക്കുകയായിരുന്നു. നിലവിലെ ബ്ലോക്ക് സെക്രട്ടറി സാഹില്‍ അകമ്പാടത്തെ പ്രസിഡന്റാക്കിയാണ് രണ്ടു വര്‍ഷം മാത്രം ബ്ലോക്ക് കമ്മിറ്റിയില്‍ പ്രവര്‍ത്തനപരിചയമുള്ള കെ.എസ് അന്‍വറിനെ ബ്ലോക്ക് സെക്രട്ടറിയാക്കിയത്.

സി.പി.എം ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന്റെ നാട്ടുകാരനാണ് ചോക്കാട് കേളുനായര്‍പടിയിലെ അന്‍വര്‍. നാട്ടുകാരനെ ബ്ലോക്ക് സെക്രട്ടറിയാക്കാനാണ് ഡി.വൈ.എഫ്.ഐ സെക്രട്ടറിയെ പ്രസിഡന്റാക്കി ഒതുക്കിയതെന്നാണ് വിമര്‍ശനം. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി. സിദ്ദിഖ്, ട്രഷറര്‍ കെ.ടി മുജീബ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ സനോജ്, മിനി എന്നിവരെയും വെട്ടിനീക്കി. 35 വയസെന്ന പ്രായപരിധി കഴിഞ്ഞെന്ന പേരിലാണ് ട്രഷറര്‍ മുജീബിനെ വെട്ടിയതെങ്കില്‍ 39 വയസുകഴിഞ്ഞ ഏരിയാ നേതൃത്വത്തിന്റെ ഇഷ്ടക്കാരെ കമ്മിറ്റിയില്‍ നിലനിര്‍ത്തുകയും ചെയ്തു.

നിലമ്പൂര്‍ നഗരസഭയില്‍ ഇടതുപക്ഷം 11 സീറ്റില്‍ നിന്നും അഞ്ചു സീറ്റിന്റെ കനത്തപരാജയം ഏറ്റുവാങ്ങിയതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സംഘടനാചര്‍ച്ചയില്‍ ഉയര്‍ന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗം ജനകീയ കൂട്ടായ്മയായി മത്സരിക്കാനുണ്ടായ സാഹചര്യം ഒഴിവാക്കണമായിരുന്നെന്നും ഇക്കാര്യത്തില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയെന്നും പ്രതിനിധികള്‍ തുറന്നടിച്ചു.

സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും സി.പി.എം ലോക്കല്‍ സെക്രട്ടറിയുംനഗരസഭാ കൗണ്‍സിലര്‍മാരായിട്ടും നഗരസഭക്കെതിരെ ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടി സമരം നടത്താത്തതും വിമര്‍ശനത്തിനിടയാക്കി. നിലമ്പൂരിനു പുറമെ ഏരിയയിലെ മറ്റു പഞ്ചായത്തുകളിലും സി.പി.എമ്മിലെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പ്രതിനിധികള്‍ പറഞ്ഞു.

നിലമ്പൂരില്‍ സി.പി.എം ഏരിയാ സമ്മേളനത്തിലെ വിഭാഗീയതയാണ് പാര്‍ട്ടിയില്‍പൊട്ടിത്തെറിക്കിടയാക്കിയത്. ഏരിയാ നേതൃത്വത്തിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയ വിമതര്‍ ജനകീയ കൂട്ടായ്മ എന്ന പേരില്‍ പ്രത്യേക പാര്‍ട്ടിയായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മത്സരിച്ച വിമതരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കൂടുതല്‍പേര്‍ക്കെതിരെ നടപടിക്കൊരുങ്ങുമ്പോഴാണ് ഡി.വൈ.എഫ്.ഐയിലും വിഭാഗീയത തലപൊക്കുന്നത്.

Top