ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീയതികള്‍ പ്രഖ്യാപിച്ചു. കണ്ണൂരില്‍ ഏപ്രില്‍ 6 മുതല്‍ 10 വരെ അഞ്ച് ദിവസമായിട്ടാകും പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുക. ഹൈദരാബാദില്‍ സിപിഎം കേന്ദ്രകമ്മിറ്റി കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരികയായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ചായിരുന്നു മൂന്ന് ദിവസമായി ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തത്. ബിജെപിക്കെതിരെ മതേതര ശക്തികളെ ഒന്നിച്ച് നിര്‍ത്തി പോരാടണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലടക്കം ജനാധിപത്യ മതേതര കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും സിസി യോഗം അഭിപ്രായപ്പെട്ടു. കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ നടന്ന ച!ര്‍ച്ചകള്‍ക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറഞ്ഞു.
ഇടത് ബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ തത്വത്തില്‍ തീരുമാനമായത്. ദേശീയതലത്തില്‍ ഒരു മുന്നണി രൂപീകരണം ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ അതാത് സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാനതലത്തിലാകും ഉണ്ടാകുക. ബംഗാള്‍ മാതൃകയിലുള്ള സഖ്യം ഇനി വേണോ എന്ന കാര്യത്തില്‍ അതാത് സാഹചര്യം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂ.
ബിജെപി തന്നെയാണ് മുഖ്യശത്രുവെന്ന കാര്യത്തില്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഏകാഭിപ്രായമായിരുന്നു. ബിജെപിക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളെയും ഒന്നിപ്പിക്കണമെന്നും സിസി ഏകകണ്ഠമായി നിലപാടെടുത്തു. കോണ്‍ഗ്രസിനെ ഇതില്‍ നിന്ന് മാറ്റി നിര്‍ത്തില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാടില്‍ വ്യക്തത വേണമെന്നും സിസി അഭിപ്രായപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കരട് രാഷ്ട്രീയപ്രമേയം കേന്ദ്രകമ്മിറ്റി അംഗീകരിച്ചു.
ഫെബ്രുവരി ആദ്യവാരം കരട് രേഖ പ്രസിദ്ധപ്പെടുത്തും. അന്തിമരേഖ തയ്യാറാക്കാന്‍ പൊളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇനി വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാകും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നയം തീരുമാനിക്കപ്പെടുക. ജനങ്ങളുടെ നിലപാട് കൂടി കേട്ട ശേഷം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശദമായ ചര്‍ച്ചയുണ്ടാകും. അതിന് ശേഷമാകും അന്തിമരേഖയും നിലപാടും സ്വീകരിക്കുക.