cpm-assembly-election

cpm

തിരുവനന്തപുരം: ഇടതുമുന്നണി പ്രവേശനം കാത്തു കിടക്കുന്നത് 11 കക്ഷികള്‍. നിയമസഭാ തിരഞ്ഞെടുപ്പു കഴിയുന്ന വരെ ഇവയില്‍ ആരെയും മുന്നണിയിലെടുക്കേണ്ടെന്നാണ് എല്‍.ഡി.എഫിന്റെ തീരുമാനം.

ധാരണയില്‍ മത്സരിച്ച് നിയമസഭാ പ്രാതിനിധ്യം തെളിയിക്കുന്നവരെ മാത്രം മുന്നണിയില്‍ എടുത്താല്‍ മതിയെന്ന നിലപാടാണ് സി.പി.എമ്മിനും സി.പി.ഐക്കും. ഇതോടെ മുന്നണി പ്രതീക്ഷയില്‍ കഴിയുന്ന കക്ഷികള്‍ക്ക് തിരഞ്ഞെടുപ്പില്‍ ശക്തിതെളിയിച്ചില്ലെങ്കില്‍ പുറത്തുനില്‍ക്കേണ്ടി വരും.

തെരഞ്ഞെടുപ്പില്‍ അണികളെ നിരത്തി ശക്തി കാണിക്കേണ്ടതും കിട്ടുന്ന സീറ്റില്‍ വിജയം ഉറപ്പിക്കേണ്ടതും ചെറുകക്ഷികളുടെ ‘ഭാരിച്ച ഉത്തരവാദിത്തമായി’ മാറിയിരിക്കുകയാണ്.

സി.പി.എമ്മിന്റെ വോട്ടു കൊണ്ടു മാത്രം ജയിച്ചു സഭയിലെത്താമെന്ന് കരുതേണ്ടെന്ന സന്ദേശമാണ് ചെറുകക്ഷിനേതാക്കള്‍ക്ക് സി.പി.എം നല്‍കിയിരിക്കുന്നത്. നേതാക്കളെ മാത്രം നിരത്തിയതുകൊണ്ട് കാര്യമില്ലെന്ന് വ്യക്തമാക്കിയ സപിഎം നേതൃത്വം ചെറുകക്ഷികള്‍ക്ക് അണികളുടെയും പൊതുജനത്തിന്റെയും സമ്മതി നേടാന്‍ കഴിയുമോ എന്നാണ് നിരീക്ഷിക്കുന്നത്.

മുന്നണി പ്രവേശനം കാത്തുനില്‍ക്കുന്നവര്‍ക്ക് അവരവരുടെ സ്വാധീനമേഖയില്‍ മല്‍സരിക്കാന്‍ സീറ്റ് സംബന്ധിച്ച് ധാരണായാകാമെന്നും എന്നാല്‍ ആരെയും മുന്നണിയില്‍ എടുക്കേണ്ടതില്ലെന്നുമാണ് ഇടതുമുന്നണിയോഗത്തിലെ പൊതുധാരണ.

ഇതോടെ പ്രവേശനം കാത്ത് നില്‍ക്കുന്ന ഐ.എന്‍.എല്‍, ജെ.എസ്.എസ് (ഗൗരിയമ്മ വിഭാഗം), സി.എം.പി (അരവിന്ദാക്ഷന്‍ വിഭാഗം), ഫോര്‍വേഡ് ബ്‌ളോക്ക്, പി.സി ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്യുലര്‍, ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി), കോവൂര്‍ കുഞ്ഞുമോന്റെ ആര്‍.എസ്.പി (എല്‍), ബാബു ദിവാകരന്‍ വിഭാഗം, ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (ഡി), പി.ടി.എ റഹീം എം.എല്‍.എയുടെ പാര്‍ട്ടി എന്നീ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കെല്ലാം നിയസഭാ തെരഞ്ഞെടുപ്പ് അതിജീവനത്തിന്റെ പരീക്ഷണ ഘട്ടമായി മാറിയിരിക്കുകയാണ്.

ഇവരെ തുടക്കത്തിലേ മുന്നണിയില്‍ എടുത്ത് ബാധ്യത സൃഷ്ടിക്കുന്നതിനോട് മുന്നണിയിലെ ആര്‍ക്കും യോജിപ്പില്ല. നിലവില്‍ ഐ.എന്‍.എല്‍, പി.ടി.എ റഹീം എന്നിവര്‍ക്ക് എല്‍.ഡി.എഫ് സീറ്റ് നല്‍കിയിട്ടുള്ളതാണ്. മറ്റുള്ള കക്ഷികള്‍ വലിയ അവകാശവാദങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെങ്കിലും അവരവരുടെ സ്വാധീനമേഖല കണക്കിലെടുത്തു മാത്രമേ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുകയുള്ളു.

ഇവര്‍ക്ക് അനുവദിക്കുന്ന മണ്ഡലത്തിന് പുറമേ മറ്റു ഏതെല്ലാം മണ്ഡലങ്ങളില്‍ ചെറുപാര്‍ട്ടികളുടെ സ്വാധീനം പ്രകടമാകുന്നതെന്ന് വിലയിരുത്താനും സി.പി.എമ്മിന് തെരഞ്ഞെടുപ്പ് കാലം അവസരമായിരിക്കുകയാണ്. ഇടതുമുന്നണിയില്‍ പുതിയ കക്ഷികളെ ഉള്‍പ്പെടുത്തുന്നതിനോട് സി.പി.ഐയ്ക്ക് വലിയ യോജിപ്പില്ല. തങ്ങളുടെ സീറ്റുകള്‍ വിട്ടുനല്‍കി പുതിയ ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. വിട്ടുപോയവരുടെ സീറ്റുകള്‍ സി.പി.എം കൈവശപ്പെടുത്തിയതിനാല്‍ ആ സീറ്റുകള്‍ നല്‍കി സഹകരിക്കുന്നവരെ തൃപ്തിപ്പെടുത്തണമെന്നാണ് സി.പി. ഐ മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇനി ചേരുന്ന ഇടതുമുന്നണി യോഗങ്ങളിലും ഈ നിലപാട് ആവര്‍ത്തിക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം.

Top