കണ്ണൂരില്‍ സിപിഎം – ബിജെപി സംഘര്‍ഷം ; വാഹനങ്ങള്‍ക്ക് തീവെച്ചു

കണ്ണൂര്‍: പാപ്പിനിശേരിയില്‍ ബിജെപി നേതാവിന്റെ വീടിനുനേരേ ബോംബേറ്.

ബിജെപി അഴീക്കോട്ട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയുടെ പാപ്പിനിശേരി ബോട്ട് ജെട്ടിക്കു സമീപത്തെ വീടിനു നേരെയാണ് ഇന്നു പുലര്‍ച്ചെ രണ്ടോടെ ബോംബേറ് നടന്നത്.

ബോംബേറില്‍ വീടിന്റെ വരാന്തയിലെ മാര്‍ബിള്‍ തകര്‍ന്ന നിലയിലാണ്. പുറത്തുണ്ടായിരുന്ന ഫര്‍ണിച്ചറും വരാന്തയോട് ചേര്‍ന്ന മുറിയിലെ ബെഡും നശിപ്പിച്ചിട്ടുണ്ട്.

ബൈക്കില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പാപ്പിനിശേരി പുതിയകാവിനു സമീപത്തെ സിപിഎം ഏരിയാ കമ്മിറ്റി അംഗമായ വി.വി.ശ്രീജിത്തിന്റെ വീടിനു നേരെയും ആക്രമണമുണ്ടായത്.

വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ശ്രീജിത്തിന്റെ കാര്‍, അയല്‍വാസിയുടെ സ്‌കൂട്ടര്‍ എന്നീ വാഹനങ്ങളാണ് കത്തിച്ചത്. നീണ്ട ഇടവേളക്ക് ശേഷമാണ് പാപ്പിനിശേരി വീണ്ടും കലാപ കലുഷിതമാകുന്നത്.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വളപട്ടണം സിഐ എം.കൃഷ്ണന്‍, എസ്‌ഐ ശ്രീജിത്ത് കൊടേരി, കണ്ണപുരം എസ്‌ഐ ടി.വി. ധനഞ്ജയദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പുലര്‍ച്ചെ മുതല്‍ പട്രോളിംഗ് നടത്തിവരികയാണ്.

Top