തിരുവനന്തപുരം: സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ സി.പി.എമ്മില്‍ ചേക്കേറിയതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി.
ശബരിമലയടക്കം സ്ഥിതി ചെയ്യുന്ന പത്തനം തിട്ട ജില്ലയിലെ ബി.ജെ.പി യുവജന വിഭാഗം യുവമോര്‍ച്ച നേതാവാണ് പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിലാണ് ബിജെപി വിട്ടിരിക്കുന്നത്. സിപിഐ എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സിബി സാം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാറടക്കം നാല് പേരും സിപിഐഎമ്മില്‍ ചേരുന്ന കാര്യം അറിയിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഏറെ നാളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തര്‍ക്കങ്ങളാണ് ഇവരെ ബിജെപി വിടാന്‍ പ്രേരിപ്പിച്ചത്. ഉഴമലയ്ക്കല്‍ ജയകുമാര്‍, തെളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി.സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് വെള്ളനാട് കൃഷ്ണകുമാറിന് പുറമെ ബിജെപി വിട്ടത്.
ശബരിമല വിഷയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജെപി ചെയ്തതെന്നും ഹിന്ദു വികാരം ഉണര്‍ത്താന്‍ വേണ്ടി അയ്യപ്പ വിഷയം ഏറ്റെടുത്ത് നടത്തിയത് രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളിരക്തവും വാര്‍ന്നുപോയ രാഷ്ട്രീയ മൃതദേഹമായി മാറിയ ബിജെപിയില്‍ ഇനിയും തുടരാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.