സി.പി.എമ്മിനെതിരെ ഉയര്‍ത്തിയ കള്ളവോട്ട് വിവാദം യു.ഡി.എഫിനെ തിരിഞ്ഞു കുത്തുന്നു. . .

തിരുവനന്തപുരം: സി.പി.എമ്മിനെ കടന്നാക്രമിക്കാന്‍ ഉയര്‍ത്തിയ കള്ളവോട്ട് പരാതി യു.ഡി.എഫിനെയും മുസ്ലീംലീഗിനെയും തിരിഞ്ഞു കുത്തുന്നു.

കാസര്‍ഗോട് ലോക്സഭാ മണ്ഡലത്തില്‍ പെട്ട കണ്ണൂര്‍ പിലാത്തറ യു.പി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നെന്ന് ദൃശ്യങ്ങള്‍ സഹിതം ചാനല്‍ വാര്‍ത്ത വന്നതോടെയാണ് യു.ഡി.എഫ് പരാതി നല്‍കിയത്. കള്ളവോട്ട് ചെയ്ത ചെറുതാഴം പഞ്ചായത്തംഗവും സി.പി.എം പ്രവര്‍ത്തകയുമായ എന്‍.പി സെലീനയെ അയോഗ്യയാക്കാന്‍ ശുപാര്‍ശ ചെയ്യുകയും പഞ്ചായത്തംഗം ഉള്‍പ്പെടെ കള്ളവോട്ടു ചെയ്ത മൂന്നുപേര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കാനും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ കള്ളവോട്ടല്ലെന്നും ഓപ്പണ്‍വോട്ടാണ് ചെയ്തതെന്നവാദവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തെത്തിയിരുന്നു.

എന്നാല്‍, കള്ളവോട്ട് ചെയ്ത സംഭവത്തില്‍ എം.വി സെലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ കേസെടുത്തു. പരിയാരം പൊലീസാണ് കേസെടുത്തത്. ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്തതിനാണ് കേസെടുത്തത്.

സി.പി.എമ്മിന്റെ കള്ളവോട്ട് മാധ്യമങ്ങളും യു.ഡി.എഫും വിവാദമാക്കുന്നതിനിടെയാണ് മുസ്ലീംലീഗിന്റെ കള്ളവോട്ടുകള്‍ ദൃശ്യങ്ങള്‍ ,സഹിതം സി.പി.എം നേതൃത്വം പുറത്തു വിട്ടത്. കണ്ണൂര്‍ തളിപ്പറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.

കെ. അനസ്, മുശിര്‍, സാദിഖ് എന്നിവര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പാമ്പുരുത്തിയിലെ ബൂത്ത് കയ്യേറാന്‍ ശ്രമിച്ചെന്നും സി.പി.എം പരാതിപ്പെട്ടു. കാസര്‍കോട് മണ്ഡലത്തിലെ പുതിയങ്ങാടിയില്‍ കള്ളവോട്ട് ചെയ്ത മുഹമ്മദ് ഫായിസ്, ആഷിഖ് എന്നിവരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ വരണാധികാരിയായ കളക്ടര്‍ ഡി. സജിത്ബാബു നോട്ടീസ് നല്‍കി. ഫായിസ് 69-ാം നമ്പര്‍ ബൂത്തിലും 70ാം ബൂത്തിലും വോട്ടു ചെയ്തപ്പോള്‍ ആഷിഖ് 69ാം ബൂത്തില്‍ രണ്ടു തവണയാണ് വോട്ടു ചെയ്തത്.

voteeeeeeeeeee

ഉദുമ മണ്ഡലത്തില്‍ ഗള്‍ഫിലുള്ളവരുടെയും ഉംറക്കു പോയവരുടെയും അടക്കം വോട്ടുകള്‍ ലീഗ് പ്രവര്‍ത്തകര്‍ ചെയ്തതായാണ് സി.പി.എമ്മിന്റെ പരാതി. ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്തടക്കം ഗള്‍ഫിലുള്ളവരുടെ വോട്ടു ചെയ്ത വിവരങ്ങള്‍ സി.പി.എം ശേഖരിക്കുന്നുണ്ട്. സി.പി.എമ്മിനെതിരെ ഉയര്‍ത്തിയ കള്ളവോട്ട് പരാതി ലീഗിനെതിരെ തിരിഞ്ഞുകുത്തുന്നതില്‍ പ്രതിരോധത്തിലായിരിക്കുകയാണ് യു.ഡി.എഫ് നേതൃത്വം.

കള്ളവോട്ടിന്റെ പേരില്‍ ചെറുതാഴം പഞ്ചായത്തംഗമായ എന്‍.പി സെലീനയെ അയോഗ്യയാക്കിയാല്‍ കോടതിയെ സമീപിക്കാനാണ് സി.പി.എം തീരുമാനം. ഇതിനിടെ കള്ളവോട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. കണ്ണൂരിലും കാസര്‍ഗോട്ടിലും സി.പി.എം വ്യാപകമായി കള്ളവോട്ടു ചെയ്തുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ കെ. സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താനും.

ഓപ്പണ്‍വോട്ടിനെ കള്ളവോട്ടായി ചിത്രീകരിക്കുന്നുവെന്ന വാദമാണ് സി.പി.എം ഉയര്‍ത്തുന്നത്. യു.ഡി.എഫിന്റെ പരാജയഭീതിയാണ് കള്ളവോട്ട് വിവാദത്തിനു പിന്നിലെന്നും സി.പി.എം ആരോപിക്കുന്നു. ലീഗിനെതിരായി ഉയര്‍ന്ന കള്ളവോട്ട് പരാതിയില്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന നിലപാടാണ് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വീകരിച്ചത്. അതേസമയം എഡിറ്റു ചെയ്ത ദൃശ്യങ്ങളാണ് സി.പി.എം പുറത്തുവിട്ടതെന്ന് ലീഗ് കാസര്‍ഗോട് ജില്ലാ ഘടകം പ്രതികരിക്കുകയും ചെയ്തു.

Top