കോഴിക്കോട് ; പേരാമ്പ്രയിലെ മുസ്‍ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സി.പി.എം നേതാവിന് ജാമ്യം.
മാണിക്കോട് ബ്രാഞ്ച് സെക്രട്ടറി അതുൽദാസിനാണ് ജാമ്യം കിട്ടിയത്. പേരാമ്പ്ര കോടതിയാണ് ജാമ്യം അനുവദിച്ചത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കേസാണ് അതുൽദാസിനെതിരെ ചുമത്തിയിരുന്നത്.
പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ മുസ്‍ലിം ജുമാഅത്ത് പള്ളിക്ക് കല്ലെറിഞ്ഞ കേസിലായിരുന്നു സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ അതുല്‍ ദാസ് അറസ്റ്റിലായത്. കലാപശ്രമമടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തതിനെതിരെ മന്ത്രി ഇ.പി ജയരാജനടക്കം രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് അതുല്‍ ദാസിന് പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. ജയില്‍ മോചിതനായ അതുല്‍ദാസിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. നിരപരാധിയായ തന്നെ കുടുക്കുകയായിരുന്നുവെന്ന് അതുല്‍ദാസ് പറഞ്ഞു.