കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുക മട്ടന്നൂരിലെന്ന് വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി കെകെ ശൈലജ. എതിര്‍വശത്തെ സ്ഥാനാര്‍ത്ഥി ആരാണെന്ന് നോക്കുന്നില്ലെന്നും കെകെ ശൈലജ പറഞ്ഞു. സിറ്റിങ് എംപി തൃശൂരിലേക്ക് മാറിയതിനെ കുറിച്ചായിരുന്നു ശൈലയുടെ പ്രതികരണം.
സ്ഥാനാര്‍ഥി ആരാണെന്നത് വിഷയമല്ല. ഞങ്ങള്‍ ജയിച്ചുവന്നാല്‍ എന്തു ചെയ്യുമെന്നാണ് ജനങ്ങളോട് പറയുന്നത്. ഉപതെരഞ്ഞെടുപ്പ് മട്ടന്നൂരിലാണ് നടക്കുകയെന്നാണ് പറയാനുള്ളത്. രണ്ടു വര്‍ഷം കഴിഞ്ഞല്ലേ പാലക്കാട് തെരഞ്ഞെടുപ്പ് വരിക. ആ തെരഞ്ഞെടുപ്പില്‍ ഇപ്പോഴുള്ള വിധിയാവില്ല വരികയെന്നത് ഉറപ്പാണെന്നും ശൈലജ പറഞ്ഞു.
വടകരയില്‍ കണ്‍വെന്‍ഷനടക്കം നടത്താനിരിക്കെയാണ് കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് ആയി മുരളീധരനെ മാറ്റുന്നത്. അതെന്താണെന്ന് ഞങ്ങള്‍ക്കറിയില്ല. കോണ്‍ഗ്രസുകാര്‍ തന്നെ ചിലരൊക്കെ ചോദിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളടക്കം ഒരു മടിയുമില്ലാതെ ബിജെപിയിലേക്ക് പോവുകയാണ്. ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവര്‍ത്തനത്തിന്റേതാണ്. ഞങ്ങളെല്ലാവരും പ്രവര്‍ത്തനം കൊണ്ട് ചെറുപ്പമാണ്. എവിടേയും വിശ്രമിക്കാറില്ല. അങ്ങനെയാവുന്ന സമയമെത്തുമ്പോള്‍ വിശ്രമിക്കുമെന്നും കെകെ ശൈലജ പറഞ്ഞു.