ആലത്തൂരിൽ സി.പി.എം പ്രവർത്തകരുടെ വികാരം മാനിക്കാത്ത നിർണ്ണയമെന്ന് !

തിരുവനന്തപുരം : സി.പി.എമ്മിനെ സംബന്ധിച്ച് നില നില്‍പ്പിനുള്ള പോരാട്ടമാണ് വരുന്ന ലോക സഭ തിരഞ്ഞെടുപ്പ്. ദേശീയ തലത്തില്‍ തന്നെ വലിയ പ്രതീക്ഷ കേരളത്തില്‍ മാത്രമാണ്. കേരളത്തില്‍ നിന്നും എണ്ണം കുറഞ്ഞാല്‍ ദേശീയ പാര്‍ട്ടി എന്ന പദവി തന്നെ നഷ്ടമാകും. അതീവ ഗൗരവമാണ് സ്ഥിതി. മറ്റു സംസ്ഥാനങ്ങളില്‍ വിജയം പ്രതീക്ഷകള്‍ മാത്രമാണ്. വോട്ടെണ്ണുന്നത് വരെ ഒരു നിഗമനത്തിലും ഇവിടങ്ങളില്‍ എത്താന്‍ കഴിയില്ല.

രാജ്യത്ത് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തെ അതു കൊണ്ട് തന്നെയാണ് സി.പി.എം കേന്ദ്ര നേതൃത്വം ഏറെ പ്രതീക്ഷയോടെ കാണുന്നത്. മുഴുവന്‍ പ്രതീക്ഷയും ഇവിടെ മാത്രമാണ് എന്ന് പറഞ്ഞാലും തെറ്റില്ല. കാരണം അതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ കേരളത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അണികളെ സംബന്ധിച്ച് മാത്രമല്ല രാഷ്ട്രീയ നിരീക്ഷകരെ സംബന്ധിച്ചും ഏറെ അത്ഭുതപ്പെടുത്തുന്നതാണ്.

കണ്ണൂര്‍, ആലത്തൂര്‍, ഇടുക്കി സീറ്റുകളില്‍ സിറ്റിംഗ് എം.പിമാരെ മത്സരിപ്പിക്കാനുള്ള സി.പി.എം നീക്കം ആത്മഹത്യാപരമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇവിടങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം അണികളില്‍ നിന്ന് തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഇതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് ആലത്തൂര്‍ എം.പി പി.കെ ബിജുവാണ്. വിജയിച്ച് പോയാല്‍ പിന്നെ മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കാറില്ലന്നതാണ് പ്രധാന പരാതി.

സി.പി.എം കീഴ്ഘടകങ്ങള്‍ തന്നെ ബിജുവിനെതിരെ മേല്‍കമ്മറ്റികള്‍ക്ക് നിരന്തരം പരാതികള്‍ നല്‍കിയിരുന്നു. പ്രകൃതിദുരന്ത സമയത്തും ഈ എം.പി ഒരു പരാജയം തന്നെ ആയിരുന്നു. ഏറെ വിമര്‍ശനം സോഷ്യല്‍ മീഡിയകളിലും ഉയര്‍ന്നിരുന്നു. ഇത്തവണ ആലത്തൂരില്‍ കെ.രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന അഭിപ്രായമായിരുന്നു പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്നിരുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് കാസര്‍ഗോഡ് എം.പി പി.കരുണാകരന്‍ ഒഴികെ ഉള്ള സിറ്റിംഗ് എം.പിമാര്‍ മത്സരിക്കേട്ടെ എന്നതാണ്.

ആലത്തൂര്‍, കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ നല്ലൊരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത തീരുമാനമാണിത്. പി.കരുണാകരന് പകരം കെ.പി.സതിശ് ചന്ദ്രനാണ് കാസര്‍ഗോഡ് പരിഗണനയില്‍. ആരോഗ്യപരമായ കാര്യം പരിഗണിച്ച് ഇന്നസെന്റിനെ ഒഴിവാക്കി ചാലക്കുടിയിലും എറണാകുളത്തും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന ആവശ്യവും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നു കഴിഞ്ഞു.

അതേ സമയം കൊല്ലത്ത് കെ.എന്‍ ബാലഗോപാലിനെ മത്സരിപ്പിക്കാനുള്ള തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. പാലക്കാട്ട് എം.ബി രാജേഷിനും ആറ്റിങ്ങലില്‍ എ.സമ്പത്തിനും ജനങ്ങള്‍ക്കിടയില്‍ ഉള്ള സ്വാധീനം വോട്ടാക്കാന്‍ തന്നെയാണ് സി.പി.എം തീരുമാനം. ആലപ്പുഴയില്‍ അരൂര്‍ എം.എല്‍.എ ആരിഫ് മത്സരിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

എന്നാല്‍ കരുത്തുറ്റ സംഘടനാ സംവിധാനമുള്ള കണ്ണൂരില്‍ പി.കെ ശ്രീമതിയെ വീണ്ടും പരീക്ഷിക്കുന്നത് ഗുണം ചെയ്യുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും സംശയം ഉയര്‍ന്നു കഴിഞ്ഞു.ഇവിടെ സകല ശക്തിയും ഉപയോഗിച്ച് കെ.സുധാകരന്‍ മണ്ഡലം പിടിക്കാന്‍ ശ്രമിക്കുമെന്ന കാര്യവും ഉറപ്പാണ്. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജുമായി ബന്ധപ്പെട്ട ഭൂമി സംബന്ധമായ വിവാദം വീണ്ടും യു.ഡി.എഫ് കുത്തിപ്പൊക്കുമെന്നതിനാല്‍ അതും ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക.

ശബരിമല വിഷയവും കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകവും സംസ്ഥാനത്തെ ഭരണപക്ഷമാണെന്ന പരിമിതിയും എല്ലാം പരിഗണിച്ച് കുറ്റമറ്റ സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറാക്കിയില്ലെങ്കില്‍ വന്‍ തിരിച്ചടി സി.പി.എമ്മിന് നേരിടേണ്ടി വരും.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ച ശേഷം മാത്രമാണ് ഔദ്യോഗികമായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുക. ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ അഖിലേന്ത്യാ നേതാക്കളെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മണ്ഡലങ്ങളില്‍ സി.പി.എം പരിഗണിക്കുന്നതായും സൂചനയുണ്ട്.

റിപ്പോര്‍ട്ട് : എം. വിനോദ്

Top