തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന ഇ.പി ജയരാജനെ കൈവിട്ട സി.പി.എം നേതൃത്വം, വിജിലന്‍സ് കേസ് വന്നാല്‍ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കും. പിതൃസഹോദരീ പുത്രന് വഴിവിട്ട് നിയമനം നല്‍കിയെന്നാണ് ജലീലിനെതിരായ ആരോപണം.
ഭാര്യാ സഹോദരിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചതാണ് ജയരാജന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത്. വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചെങ്കിലും കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന്‍ ജാഗ്രതക്കുറവു കാട്ടിയെന്നു പറഞ്ഞാണ് സി.പി.എം നേതൃത്വം മന്ത്രി സ്ഥാനത്തുനിന്നും നീക്കിയത്. ജയരാജനെതിരെ തെളിവില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും വിജിലന്‍സ് കോടതിയില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് മന്ത്രി സ്ഥാനത്ത് മടങ്ങിയെത്തിയത്. ഫോണ്‍ വിവാദത്തില്‍ എ.കെ ശശീന്ദ്രനെയും ഭൂമി വിവാദത്തില്‍ തോമസ് ചാണ്ടിയെയും കൈവിട്ട സി.പി.എമ്മിന് ജലീലിനെ മാത്രം സംരക്ഷിക്കാനാവില്ല. ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കിയാണ് ശശീന്ദ്രന്‍ മന്ത്രിസഭയില്‍ മടങ്ങിയെത്തിയത്.
ഇ.പി ജയരാജനെതിരെ ഉയര്‍ന്നതിനേക്കാള്‍ കടുത്ത ആരോപണമാണ് ജലീലിനെതിരെ യൂത്ത് ലീഗ് ഉയര്‍ത്തിയത്. ജയരാജന്‍ നിയമന ഉത്തവു മാത്രമേ നല്‍കിയിരുന്നുള്ളൂ. വിവാദത്തെ തുടര്‍ന്ന് ഉത്തരവ് റദ്ദാക്കുകയും നിയമനം നടക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍, ജലീല്‍ യോഗ്യതകളില്‍ മാറ്റം വരുത്തി ചട്ടങ്ങള്‍ ലംഘിച്ചാണ് ബന്ധുവിന് നിയമനം നല്‍കിയത്. ജലീലിന്റെ പിതൃ സഹോദര പുത്രന്‍ അദീബ് കെ.ടി കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.
സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജരായ ബന്ധുവിനെ നിയമിക്കാന്‍ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയടക്കം സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ മാറ്റം വരുത്തുകയായിരുന്നു. 2018 ഒക്ടോബര്‍ 8ന് ഇറങ്ങിയ പൊതുഭരണവകുപ്പിലെ ഉത്തരവിലാണ് മന്ത്രി ബന്ധുവിന് നേരിട്ട് നിയമനം നല്‍കിയിരിക്കുന്നത്.
2016 ആഗസ്റ്റ് 18ന് ഈ തസ്തികയ്ക്ക് വേണ്ടി പുതിയ വിജ്ഞാപന പ്രകാരം ഇന്റര്‍വ്യൂ നടത്തിയെങ്കിലും ഇ.പി. ജയരാജന്റെ ബന്ധുനിയമന വിവാദം കൊടുമ്പിരികൊണ്ടതിനാല്‍ മന്ത്രിയുടെ ബന്ധു ഇന്റര്‍വ്യൂവില്‍ പങ്കെടുത്തില്ല. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്ന തസ്തികയിലേക്ക് സ്വജനപക്ഷപാതത്തിലുടെയാണ് നിയമനം നല്‍കിയത്. ജലീലിന്റെ ബന്ധു നിയമനത്തിനെതിരെ യൂത്ത് ലീഗ് വിജിലന്‍സിനെ സമീപിക്കുന്നുണ്ട്. വിജിലന്‍സ് കേസെടുത്താന്‍ ജലീലിന് മന്ത്രി സ്ഥാനത്തു നിന്നും മാറി നില്‍ക്കേണ്ടി വരും.
മലപ്പുറത്ത് സി.പി.എം ജില്ലാ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജലീല്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധമാണ് പലപ്പോഴും ജലീലിന് രക്ഷയാകുന്നത്. മന്ത്രി സഭാ വകുപ്പ് വിഭജനത്തില്‍ ജലീലിന്റെ കൈവശമുണ്ടായിരുന്ന പഞ്ചായത്ത്, നഗരസഭ വകുപ്പ് മന്ത്രി എ.സി മൊയ്തീനു നല്‍കി. ഉന്നത വിദ്യാഭ്യാസമെന്ന അപ്രധാനമായ വകുപ്പു മാത്രമാണ് ജലീലിനുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നും ഇടതുസ്വതന്ത്രനായി ജലീലിനെ മത്സരിപ്പിക്കാനുള്ള ആലോചനയും സി.പി.എമ്മില്‍ നടക്കുന്നുണ്ട്. ഇതിനിടെയുണ്ടായ ബന്ധുനിയമനവിവാദം സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.