ദില്ലി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സിപിഎം കേന്ദ്രകമ്മറ്റി. വൈസ് ചാൻസിലർമാക്കും, മന്ത്രിക്കുമെതിരായ നീക്കം ഭരണഘടനാവിരുദ്ധമാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളെ ചെറുക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കാനും, പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങൾ യോജിച്ച് ഗവർണ്ണറുടെ നീക്കങ്ങളെ ചെറുക്കുമെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പാക്കാൻ ഗവര്‍ണര്‍ ശ്രമിക്കുന്നു. ഭരണഘടനയിലില്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണറുടെ ഇത്തരം അസാധാരണ നീക്കങ്ങളുടെ ശ്ചാത്തലത്തിലാണ് എല്ലാ മതേതര ജനാധിപത്യ പാർട്ടികളുടെയും പിന്തുണ തേടിയത്. ഗവർണ്ണർ വിഷയത്തിൽ കോൺഗ്രസ് അവരുടെ നിലപാട് പറയട്ടെ. ഒരു വിഭാഗത്തിന് ഗവർണ്ണർ അനുകൂല നിലപാട് ഉണ്ടോയെന്ന് അവർ വ്യക്തമാക്കട്ടെ. ഒന്നിച്ചുള്ള നീക്കത്തിന് സി പി എം ശ്രമം തുടരുന്നുവെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.