ഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടും കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം സംഘടനാ തലത്തിലുണ്ടായ ഉയർച്ച താഴ്ചകളും യോഗത്തിൽ ചർച്ചയാകും. സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് ചർച്ച ചെയ്യുമെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ മൂന്ന് ദിവസമായി ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണ ശേഷമുള്ള ആദ്യ കേന്ദ്രകമ്മിറ്റി യോഗമാണിത്. തിങ്കളാഴ്ച വരെ നീളുന്ന യോഗത്തിൽ കോടിയേരിക്ക് പകരം എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും തീരുമാനമുണ്ടായേക്കും.
ഹിമാചൽ, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളും വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്യും. തൊഴിലാളി സംഘടന റിപ്പോർട്ടും കേന്ദ്രക്കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്.