കൊച്ചി: ജില്ലയിലെ സിപിഎം-സിപിഐ പോര് സംസ്ഥാന തലത്തിലേക്കും പടരുന്നു.
ഉദയംപേരൂരിലെ സിപിഎം വിമതരെ സിപിഐ സ്വീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സിപിഐ ജില്ലാ സെക്രട്ടറി രാജുവും തൃപ്പൂണിത്തുറ എംഎല്‍എ സ്വരാജുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചായയി ഇപ്പോള്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സ്വരാജിനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന ലേഖനമാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുന്നത്.
നല്ല കുടുംബത്തില്‍ അസുരവിത്തും പിറക്കുമല്ലോ എന്ന് സമാധാനിക്കാന്‍ പറ്റുമോയെന്ന് ചോദിക്കുന്ന ലേഖനത്തില്‍ സ്വരാജിനെ കഴുതയോടാണ് ഉപമിച്ചത്.
ലേഖനത്തില്‍ ഏറെ പ്രത്യാഘാതമുണ്ടാക്കാവുന്നത് വിഎസ് അച്യുതാനന്ദന്റെ തലവെട്ടി ഉത്തരകൊറിയന്‍ മോഡല്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് സിപിഎം സമ്മേളനത്തില്‍ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റ് സിപിഐയുടെ കൊടിയെ പീറത്തുണിയെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്ന പരാമര്‍ശമാണ്.
നേരത്തെ സിപിഎം സമ്മേളനത്തില്‍ സ്വരാജ് പറഞ്ഞതെന്ന പേരില്‍ വന്ന ഈ വാര്‍ത്തയെ നിഷേധിച്ചും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ സിപിഐയുടെ മുഖപത്രത്തില്‍ വന്ന വാര്‍ത്തക്കെതിരെയും സ്വരാജ് നിയമനടപടി സ്വീകരിക്കുമെന്നാണ് സൂചന.
സ്വരാജിനെ വ്യാജമാര്‍ക്‌സിസ്റ്റായും ഈ നാല്‍പ്പതാം പക്കത്തും ബുദ്ധി മുളച്ചില്ലെങ്കില്‍ ആ തലയില്‍ തക്കാളി കൃഷി നടത്തുന്നതാണ് നല്ലതെന്നും ജനയുഗത്തിലെ ‘വാതില്‍പ്പഴുതിലൂടെ’ എന്ന പംക്തിയിലൂടെ സിപിഐ ആഞ്ഞടിച്ചു. ഇടത് രാഷ്ട്രീയരംഗത്ത് ഏറെ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നടപടി.
നേരത്തെ സിപിഎം പൊതുയോഗത്തെ അഭിസംബോധന ചെയ്ത സ്വരാജ് താന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി ഒരു സിപിഐക്കാരനെ കണ്ടതെന്ന് പരിഹസിച്ചിരുന്നു.
ഇതിന് മറുപടിയുമായെത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജു സിപിഎം വിഭാഗീയതയെക്കുറിച്ച് സിപിഐയുടെ ഓഫീസില്‍ വന്ന് സ്വരാജ് പരാതി പറഞ്ഞിരുന്നുവെന്ന് പ്രതികരിച്ചിരുന്നു.
തുടര്‍ന്ന് ശക്തമായ ഭാഷയില്‍ ഫേസ്ബുക്കിലൂടെ രംഗത്ത് വന്ന സ്വരാജ് താന്‍ ഇന്നുവരെ ഒരു സിപിഐയുടെ ഓഫീസില്‍ പോയിട്ടില്ലെന്നും പച്ചക്കള്ളം പറയുന്നവരാണ് എറണാകുളത്ത് സിപിഐയെ നയിക്കുന്നതെന്നും ഇങ്ങനെ പോയാല്‍ ജനകീയ ജനാധിപത്യ വിപ്ലവം ഉടന്‍ തന്നെ എറണാകുളം ജില്ലയില്‍ നടക്കുമെന്നും തിരിച്ചടിച്ചിരുന്നു.
ഇതിന്റെയെല്ലാം മറുപടിയായി സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വവും ഒല്ലൂര്‍ എംഎല്‍എയും എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ കെ രാജനും ശക്തമായി സ്വരാജിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജനയുഗം ലേഖനവും ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ സ്വരാജിനെ കടന്നാക്രമിച്ച് ജനയുഗത്തില്‍ ലേഖനം വന്നത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് വിഎസിനെ പരാമര്‍ശിച്ച് നടത്തിയ ലേഖനം മാധ്യമങ്ങള്‍ മുന്‍പ് പടച്ച് വിട്ട വാര്‍ത്തയെ ശരി വയ്ക്കുന്ന രൂപത്തിലായതിനാല്‍ ഇതാണ് സിപിഎം നേതൃത്വത്തെ ഏറെ പ്രകോപിതരാക്കിയിരിക്കുന്നത്.
സിപിഎം നടപടിക്ക് വിധേയരാക്കിയവരെയും അസംതൃപ്തരെയും സിപിഐ ചാക്കിട്ട് പിടിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ ഇത് സിപിഎമ്മുമായുള്ള ബന്ധത്തെ സംസ്ഥാനതലത്തില്‍ തന്നെ ബാധിക്കുമെന്നുമാണ് സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കളുടെ മുന്നറിയിപ്പ്.
ജനയുഗത്തിലെ വിവാദ ലേഖനത്തില്‍ നിന്ന്…
ഇക്കഴിഞ്ഞ ദിവസം ഒരു വിദ്വാന്‍ പറയുന്നതു കേട്ടു, സിപിഐയുടെ രക്തപതാക തനിക്കു വെറുമൊരു പീറത്തുണിയാണെന്ന്! പട്‌നയിലെ കുട്ടികള്‍ കമ്യൂണിസം തങ്ങളുടെ ജീവിതസിദ്ധാന്തമാക്കിയപ്പോള്‍ ഇയാള്‍ക്കു സിപിഐയും കമ്യൂണിസവും അജ്ഞാതം. നല്ല കുടുംബത്തില്‍ അസുരവിത്തും പിറക്കുമല്ലോ എന്നു സമാധാനിക്കാനൊക്കുമോ? തന്റെ കമ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്തു ഗ്വാഗ്വാ വിളിക്കുമ്പോള്‍ ‘കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നു ഗര്‍ദ്ദഭം’ എന്നു പറഞ്ഞാല്‍ കഴുത അഭിമാനിക്കും. തലയില്‍ ആളുതാമസമില്ലാത്ത ഒരാളെ കൂട്ടിനുകിട്ടിയല്ലോ എന്ന്.
സിപിഐ നേതാവ് പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി കേരളം ഭരിച്ചതിനുശേഷമുള്ള ചരിത്രം പോലുമറിയാത്ത കമ്യൂണിസ്റ്റ് ഗര്‍ദ്ദഭത്തിന് ഈ നാല്‍പതാം പക്കത്തും ബുദ്ധിമുളച്ചില്ലെങ്കില്‍ ആ തലയില്‍ തക്കാളി കൃഷി നടത്തുന്നതാവും നല്ലത്. സിപിഎം രൂപീകരിച്ചിരിക്കുന്നവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി.എസ്.അച്യുതാനന്ദന്‍. ആ അച്യുതാനന്ദന്റെ തലവെട്ടി ഉത്തരകൊറിയന്‍ മോഡല്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ട കപ്പലണ്ടി കമ്യൂണിസ്റ്റാണ് സിപിഐയുടെ കൊടിയെ പീറത്തുണിയെന്നു വിശേഷിപ്പിക്കുന്നത്.
മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി ആ മഹത്തായ സന്ദേശത്തിനു ശോഭകേടുണ്ടാക്കുന്ന ഈ കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടതു ബന്ധപ്പെട്ട നേതൃത്വമാണന്നേ പറയാനുള്ളൂ. കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചാരസന്തതികളെയും ജാരസന്തതികളെയും കണ്ടെത്തി തൂത്തെറിഞ്ഞില്ലെങ്കില്‍ അതൊരു മഹാദുരന്തമാകും.