തിരുവനന്തപുരം: സിപിഎം-സിപിഐ തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയായി. ജനതാദളാണ് വിഷയം യോഗത്തിലുന്നയിച്ചത്.
മുന്നണിയിലെ ഒന്നാം കക്ഷിയും രണ്ടാം കക്ഷിയും തമ്മിലുള്ള തര്‍ക്കം നീട്ടുക്കൊണ്ടുപോകുന്നത് ശരിയല്ലെന്ന് ജനതാദള്‍ നേതാവ് സി.കെ. നാണു പറഞ്ഞു. എന്നാല്‍ മുന്നണി നേതൃത്വം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു.
എല്‍ഡിഎഫ് യോഗത്തില്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെതിരെയും വിമര്‍ശനമുയര്‍ന്നു. വിഷയത്തില്‍ മന്ത്രിമാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഇത് കിട്ടിയതിന് ശേഷം എല്‍ഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി എല്‍ഡിഎഫിന്റെ പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സിപിഐയ്‌ക്കെതിരെ എന്‍സിപിയും വിമര്‍ശനം ഉയര്‍ത്തി. ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് എഐടിയുസി മാര്‍ച്ച് നടത്തിയതിനെതിരെയാണ് പ്രതിഷേധം. എഐടിയുസിയുടെ നടപടി തെറ്റാണെന്ന് എന്‍സിപി പറഞ്ഞു. ഇത്തരം തെറ്റ് ഇനി ഉണ്ടാകില്ലെന്ന് സിപിഐ അറിയിച്ചു.
റേഷന്‍, വരള്‍ച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 22ന് സര്‍വക്ഷിയോഗം വിളിക്കാനും മുന്നണി യോഗം തീരുമാനിച്ചു.