കൊച്ചി : എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രധാന പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ നടപടി വേണമെന്ന് സി.പി.എമ്മില്‍ ആവശ്യം. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കളാണ് പാര്‍ട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിരിക്കുന്നത്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ മാത്രമാണ് ഇതുവരെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞത്. മറ്റു എല്ലാ പ്രതികള്‍ക്കും രക്ഷപ്പെടാന്‍ ‘വഴി’ ഒരുക്കിയത് പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണെന്നാണ് യുവജന-വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം പരസ്യമായി പറഞ്ഞ് ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കാന്‍ ഉദ്യേശിക്കുന്നില്ലങ്കിലും നടപടി അനിവാര്യമാണെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്.
കാമ്പസുകളില്‍ മാത്രമല്ല പുറത്തും സ്വതന്ത്രമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിന് വര്‍ഗ്ഗീയ സംഘടനകള്‍ ഭീഷണി ഉയര്‍ത്തുന്നതും മിന്നല്‍ ആക്രമണം നടത്തുന്നതും പൊലീസിങ്ങിന്റെ പരാജയമാണ്.
അഭിമന്യുവിനെ കുത്തി വീഴ്ത്തിയവര്‍ക്ക് ഷര്‍ട്ട് പോലും ഇടാതെ എം.ജി റോഡില്‍ നിന്നും ഓട്ടോയില്‍ തോപ്പുംപടി വരെ പോവാന്‍ കഴിഞ്ഞതില്‍ തന്നെ പൊലീസിന്റെ വീഴ്ച വ്യക്തമാണെന്ന് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
15 പ്രതികളില്‍ ഇതുവരെ 9 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയവനടക്കമുള്ളവരെ ഇതുവരെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.
വ്യാവസായിക തലസ്ഥാനമായ എറണാകുളത്തെ ഏറ്റവും പ്രധാന വീഥിയായ എം.ജി റോഡിന് സമീപം അഭിമന്യുവിനെ കുത്തി വീഴ്ത്തുമ്പോള്‍ പൊലീസ് നിരീക്ഷണ വാഹനങ്ങള്‍ അടക്കം എവിടെ ആയിരുന്നു എന്ന ചോദ്യത്തിനും തൃപ്തികരമായ മറുപടി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പോലും നല്‍കാന്‍ കഴിയുന്നില്ല.
സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസ്, കമ്മീഷണര്‍ ക്യാംപ് ഓഫീസ്, ഐ.ജി ഓഫീസ്, ബറ്റാലിയന്‍ ഓഫീസ്, കളക്ടര്‍ ക്യാംപ് ഓഫീസ് എന്നിവ എല്ലാം തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഈ മേഖലകളില്‍ പൊലീസ് പെട്രോളിങ് ശക്തമായിരുന്നു എങ്കില്‍ ഒരിക്കലും അഭിമന്യുവിന് ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നും എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കള്‍ വ്യക്തമാക്കി.
സംഘര്‍ഷങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച മഹാരാജാസില്‍ നവാഗതരെ വരവേല്‍ക്കാന്‍ തലേ ദിവസം വിദ്യാര്‍ത്ഥി സംഘടനകള്‍ തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് അറിയാമായിരുന്നിട്ടും പൊലീസ് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലന്ന് അഭിമന്യുവിന്റെ സഹപ്രവര്‍ത്തകരും കുറ്റപ്പെടുത്തുന്നു.
വിദ്യാര്‍ത്ഥികളുടെയും സംഘടനാ പ്രവര്‍ത്തകരുടെയും ഇടയില്‍ നിന്നും ഉയര്‍ന്ന ഈ പ്രതിഷേധം തന്നെയാണ് പൊലീസിനെതിരെ തിരിയാന്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്.
എസ്.ഐ മുതല്‍ മുകളിലോട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും അടിമുടി മാറ്റം വരുത്തി ശക്തരായ ഉദ്യോഗസ്ഥരെ നിയോഗിച്ചില്ലങ്കില്‍ ‘പണി’ പാളുമെന്നുമാണ് നേതാക്കളുടെ മുന്നറിയിപ്പ്.
അഭിമന്യു കൊല്ലപ്പെട്ടതോടെ ജില്ലയിലെ മാത്രമല്ല സംസ്ഥാനത്തെ മറ്റു കലാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
അതേ സമയം സംഭവത്തില്‍ പ്രതികളെ സഹായിക്കുന്നത് സ്ത്രീകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസിന്റെ നീക്കത്തെക്കുറിച്ച് കൃത്യമായ ധാരണ പ്രതികള്‍ക്ക് കിട്ടുന്നതിനാല്‍ ഇവര്‍ക്ക് ഒളിത്താവളം മാറാന്‍ അവസരം കിട്ടുന്നതായിട്ടാണ് പോലീസ് കരുതുന്നത്. ഇവര്‍ക്ക് വിവരം നല്‍കുന്നവരെന്ന് സംശയിക്കുന്ന പോലീസിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുമാണ്.
ഒളിവില്‍ കഴിയുന്നവര്‍ക്ക് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ വനിതകള്‍ രഹസ്യമായി വിവരം നല്‍കുന്നതായിട്ടാണ് സംശയം. ഫോണിലൂടെ ഇവര്‍ കുറ്റവാളി സംഘത്തിന് വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും കുറ്റവാളികള്‍ ഉപയോഗിക്കുന്ന ഫോണിലെ സിംകാര്‍ഡുകളും ഇവരുടെ പേരില്‍ ഉള്ളതായിരിക്കുമെന്നും പോലീസ് സംശയിക്കുന്നു.
ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ത്രീകളുടെ പങ്കിനെപ്പറ്റി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ കില്ലര്‍ ഗ്രൂപ്പിലുള്‍പ്പെട്ട നെട്ടൂര്‍, ഫോര്‍ട്ട്‌കൊച്ചി സ്വദേശികളാണു അഭിമന്യൂവിനെ കൊലപ്പെടുത്തിയ സംഘത്തിലുള്ളതെന്ന് പോലീസ് കരുതുന്നു. ഇവരെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍ പോലീസില്‍നിന്നുതന്നെ വിവരങ്ങള്‍ ചോര്‍ന്നു പ്രതികള്‍ക്കു ലഭിക്കുകയാണ്.
വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു അക്രമികള്‍ കോളജിലെത്തിയത്. നേരത്തെ ഫോണില്‍ ബന്ധപ്പെട്ട് എറണാകുളം നോര്‍ത്തിലെ കൊച്ചി ഹൗസില്‍ കൂടിയാലോചനയ്ക്കുശേഷം രണ്ടു ബൈക്കുകളിലായാണു സംഘം കാമ്പസിലെത്തിയത്. അഭിമന്യുവിനെ കുത്തിയശേഷം സംഘത്തിലുള്ള പ്രധാനികളായ അഞ്ചുപേര്‍ ഓട്ടോറിക്ഷയില്‍ പള്ളുരുത്തിയിലേക്കു പോയി. കോളജിനടുത്ത സ്‌റ്റോപ്പില്‍നിന്നാണു ഇവര്‍ ഓട്ടോറിക്ഷയില്‍ കയറിയത്. കേസില്‍ ഏറ്റവും ഒടുവില്‍ അറസ്റ്റിലായ ആലുവ എടത്തല ചുണങ്ങംവേലിയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി ചെമ്മലപ്പടിയില്‍ അബ്ദുള്‍ സലിമിന്റെ മകന്‍ ആദില്‍ കൊലപാതക സംഘത്തോടൊപ്പമുണ്ടായിരുന്നയാളാണ്.
അക്രമിക്കാന്‍ ഉദ്ദേശിച്ചുതന്നെയാണു സംഘം കോളജിലെത്തിയതെന്ന് ആദില്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ആദിലിന്റെ സഹോദരന്‍ ആസിഫിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പിതാവ് അബ്ദുള്‍ സലീം ഹൈക്കോടതി മാര്‍ച്ചുമായി ബന്ധപ്പെട്ടു റിമാന്‍ഡിലാണ്.