cpm expels kk sreejith

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ സമരത്തിലൂടെ എന്തു നേടിയെന്ന് സമൂഹത്തിന് മനസ്സിലായെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്.

ചര്‍ച്ച നടത്തിയ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടുകാണില്ല. ഗൂഡാലോചന ഉണ്ടെന്ന് മുഖ്യമന്ത്രി സംശയിക്കുന്നത് അതിനാലാണെന്നും ശ്രീജിത്ത് പറഞ്ഞു.

പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരംകൊണ്ട് എന്തു നേടിയെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു.

അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിപിഎമ്മില്‍നിന്ന് പുറത്താക്കിയതില്‍ അതിയായ വിഷമമുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു. ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നീതി നിഷേധമുണ്ടായി.

സര്‍ക്കാരിനോ പാര്‍ട്ടിക്കോ എതിരല്ലായിരുന്നു സമരമെന്നും ഇക്കാര്യം പാര്‍ട്ടിയോട് വിശദീകരിക്കുമെന്നും പാര്‍ട്ടി വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ ശ്രീജിത്ത് പാര്‍ട്ടിപത്രത്തില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ചാണ് കോഴിക്കോട് വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് അംഗമായ ശ്രീജിത്തിനെ പുറത്താക്കിയത്.

എന്നാല്‍ ശ്രീജിത്തിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്നത് തെറ്റായ വാര്‍ത്തയാണെന്നും ഇപ്പോളുയരുന്നത് തെറ്റായ പ്രചാരണം മാത്രമാണെന്നും പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ അത്തരത്തിലൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും പി മോഹനന്‍ പറഞ്ഞു.

ശ്രീജിത്തിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ലെന്ന് സ്ഥിരീകരിച്ച് നാദാപുരം ഏരിയ സെക്രട്ടറി പി.പി. ചാത്തുവും വണ്ണോര്‍ക്കണ്ടി ബ്രാഞ്ച് സെക്രട്ടറി ശ്രീജിത് കണ്ടോത്തും രംഗത്തെത്തി.

Top