തിരുവല്ല: പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി. ബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവല്ലയില്‍ സി പി എം ഹര്‍ത്താല്‍. നഗരസഭയിലും പെരിങ്ങര ഉള്‍പ്പടെയുള്ള അഞ്ചുപഞ്ചായത്തുകളിലും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മുന്‍ പഞ്ചായത്ത് അംഗം കൂടിയായ സന്ദീപിനെ കുത്തിക്കൊന്നത്. സന്ദീപിന്റെ നെഞ്ചില്‍ ഒമ്ബത് കുത്തുകളേറ്റു എന്നാണ് പൊലീസ് പറയുന്നത്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് കുത്തിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരണം സ്ഥിരീകരിച്ചു.
കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയില്‍ ആര്‍.എസ്.എസ് സി.പി.എം സംഘര്‍ഷം നിലനിന്നിരുന്നു. കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്നാണ് സി പി എം ആരോപിക്കുന്നത്. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ആര്‍ എസ് എസ് പറയുന്നത്.