CPM in protests; sukumaran nair issue

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കേസുകളില്‍ ‘കുരുക്കി ‘ ഒതുക്കുന്ന സര്‍ക്കാര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ പ്രീണിപ്പിക്കുന്നു.

ഇരുസമുദായനേതാക്കളോടും വ്യത്യസ്ത നിലപാടു സ്വീകരിക്കുന്നതിനെതിരെ സി.പി.എമ്മിനുള്ളില്‍ നിന്നു തന്നെ പ്രതിഷേധം ഉയരകുകയാണ്. ഒരു സമുദായ സംഘടനയുടെയും പിന്തുണയില്ലാതെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ചരിത്ര വിജയമുണ്ടായത്.

വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത് നിലപാടു കടുപ്പിച്ച സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ തന്നെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പെരുന്നയിലെത്തി സുകുമാരന്‍നായരെ കണ്ട് ദേവസ്വം നിയമനം പി.എസ്.സിക്കു വിടുന്നതില്‍ നിലപാട് തിരുത്താമെന്നറിയിച്ചതാണ് പാര്‍ട്ടി നേതാക്കളെയും അണികളെയും ചൊടിപ്പിച്ചിരിക്കുന്നത്.

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത 15 കോടിയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെ മൈക്രോഫിനാന്‍സിന് വേണ്ടി വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 850 കോടി രൂപയുമായി ബന്ധപ്പെട്ടും വിജിലന്‍സ് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ നീക്കം.

ഇതിനു പുറമെ ശാശ്വതീകാനന്ദ സ്വാമിയുടെ ദുരൂഹമരണത്തിലും പ്രത്യേക സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിക്കാനാണ് തീരുമാനം.

അതേസമയം സമദൂരമെന്നു പറഞ്ഞിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പ്രീണിപ്പിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പോലും സാമുദായിക നേതാക്കളെ സന്ദര്‍ശിക്കാത്ത സാഹചര്യത്തില്‍ കടകംപള്ളി സുകുമാരന്‍ നായരെ കണ്ടതില്‍ കടുത്ത അതൃപ്തിയാണ് സി.പി.എം നേതൃത്വത്തില്‍ ഉടലെടുത്തിട്ടുള്ളത്.

നേരത്തെ സുകുമാരന്‍നായരുടെ വിമര്‍ശനത്തിനെതിരെ നായന്‍മാരുടെ അട്ടിപ്പേറവകാശം സുകുമാരന്‍ നായര്‍ക്കില്ലെന്നു പറഞ്ഞാണ് പിണറായി ആഞ്ഞടിച്ചത്. അന്ന് പിണറായിക്ക് ശക്തമായ പിന്തുണയാണ് പൊതുസമൂഹവും പാര്‍ട്ടിയും നല്‍കിയിരുന്നത്.

യു.ഡി.എഫ് ഭരണത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് വലിയ പരിഗണനയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത്.

ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തില്‍ സുകുമാരന്‍ നായര്‍ തൊടുത്തുവിട്ട എതിര്‍പ്പാണ് രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയത്.

ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്തെത്തിച്ച സുകുമാരന്‍ നായരുടെ നിയന്ത്രണത്തിലായിരുന്നു ദേവസ്വം ബോര്‍ഡ് ഭരണം പോലും. ഇതിനെതിരെ പ്രതികരിച്ച സി.പി.എമ്മിന്റെ മന്ത്രി തന്നെ സുകുമാരന്‍നായരുമായി ചര്‍ച്ചക്കെത്തിയതാണ് പാര്‍ട്ടി നേതൃത്വത്തെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്.

Top