ന്യൂഡല്‍ഹി: ലോക് സഭ തെരെഞ്ഞെടുപ്പു മുന്‍ നിര്‍ത്തി പുതിയ അടവു നയവുമായി സി.പി.എം രംഗത്ത്.
രണ്ട് തവണയില്‍ കൂടുതല്‍ എം.പിമാരായവരെ ഇനി പരിഗണിക്കേണ്ടതില്ലന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനവും ‘ഇളവുകളും’ കേന്ദ്ര കമ്മറ്റി തീരുമാനിക്കും.
പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന നിലപാടാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ളത്. സിനിമാ-സാംസ്‌കാരിക മേഖലകളില്‍ നിന്നും പ്രത്യേക പരിഗണന നല്‍കണമെന്ന താല്‍പ്പര്യവും അദ്ദേഹത്തിനുണ്ട്.
പ്രാദേശിക അടിസ്ഥാനത്തില്‍ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഘടകങ്ങളില്‍ നിന്നും ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ആലോചന.
രണ്ടു തവണയില്‍ കൂടുതല്‍ എം.പിമാരായവരെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ കാസര്‍ഗോഡ് എം.പി പി.കരുണാകരന്‍, ആലത്തൂര്‍ എം.പി പി.കെ.ബിജു, പാലക്കാട് എം.പി എം.ബി രാജേഷ്, ആറ്റിങ്ങല്‍ എം.പി സമ്പത്ത് എന്നിവര്‍ക്ക് ഇനി മത്സരിക്കാന്‍ കഴിയില്ല. ഇതില്‍ എം.ബി രാജേഷിന് വീണ്ടും അവസരം നല്‍കാന്‍ സാധ്യത ഉണ്ട്.
എ.കെ.ജി യുടെ മരുമകനാണെങ്കിലും തുടര്‍ച്ചയായി ഒരു മണ്ഡലത്തെ പി കരുണാകരന്‍ പ്രതിനിധീകരിക്കുന്നതില്‍ മാറ്റം വേണമെന്ന വികാരം സി.പി.എമ്മില്‍ ശക്തമാണ്.
ഉറച്ച മണ്ഡലമായ ആലത്തൂരില്‍ പി.കെ.ബിജുവിന് പകരം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.രാധാകൃഷ്ണനാണ് സി.പി.എം പരിഗണനാ ലിസ്റ്റില്‍.
കണ്ണൂരില്‍ ശ്രീമതി ടീച്ചര്‍ക്ക് പകരം യുവ നേതാവിനെ പരിഗണിക്കണമെന്ന വികാരം ശക്തമാണ്. എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ വി.ശിവദാസനും സാധ്യത കൂടുതലാണ്.
കോഴിക്കോട് നിന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മുഹമ്മദ് റിയാസിന് വീണ്ടും അവസരം നല്‍കിയേക്കും. വനിതാ പ്രാതിനിത്യം ടി.എന്‍ സീമക്ക് നല്‍കാന്‍ തീരുമാനിച്ചാലും ശ്രീമതി ടീച്ചറുടെ കാര്യമാവും പരുങ്ങലിലാകുക.
പി.രാജീവിനെ ലോക് സഭയില്‍ എത്തിക്കണമെന്ന അതിയായ ആഗ്രഹം സി.പി.എം നേതൃത്വത്തിനുണ്ട്. എറണാകുളത്ത് നിന്നും ‘സാധ്യമായില്ലങ്കില്‍’ ചാലക്കുടിയും പരിഗണിച്ചേക്കും.
എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് വലിയ പരിഗണന നല്‍കണമെന്ന യെച്ചൂരിയുടെ ആഗ്രഹത്തിന് സി.പി.എം കേന്ദ്ര കമ്മറ്റി പച്ചക്കൊടി കാട്ടിയാല്‍ കൂടുതല്‍ യുവ നേതാക്കള്‍ ചെങ്കൊടിക്കു വേണ്ടി മത്സര രംഗത്തുണ്ടാകും.
15ല്‍ കുറയാത്ത സീറ്റാണ് കേരളത്തില്‍ നിന്നും സി.പി.എം പ്രതീക്ഷിക്കുന്നത്. നിലവില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ മാത്രമാണ് ഇടതുപക്ഷത്തിന്റെ കൈവശമുള്ളത്.
ത്രിപുരയില്‍ ഭരണം കൈവിട്ടെങ്കിലും രണ്ട് ലോക് സഭ സീറ്റില്‍ ഒന്ന് നിഷ്പ്രയാസം നിലനിര്‍ത്താന്‍ പറ്റുമെന്നാണ് പ്രതീക്ഷ. ബംഗാളില്‍ ‘മഹാ സഖ്യ’മുണ്ടാക്കി നേട്ടം കൊയ്യാനാണ് പദ്ധതി.
കര്‍ഷക സമരത്തിലൂടെ മഹാരാഷ്ട്ര സര്‍ക്കാറിനെ വിറപ്പിച്ചത് അനുകൂലമാക്കി ഇവിടെ എന്‍.സി.പി അടക്കമുള്ള സമാന ചിന്താഗതിക്കാരുമായി സഖ്യമുണ്ടാക്കി മറാത്തി മണ്ണില്‍ നേട്ടം കൊയ്യാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
ബീഹാര്‍, രാജസ്ഥാന്‍, യു.പി, മധ്യപ്രദേശ് ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ സമ്പാദിക്കലാണ് ലക്ഷ്യമിടുന്നത്. പഞ്ചാബിലും ഹരിയാനയിലും ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാനും സി.പി.എമ്മിനു താല്‍പ്പര്യമുണ്ട്.
ബീഹാറില്‍ ആര്‍.ജെ.ഡിയുമായി സീറ്റ് ധാരണയില്‍ എത്താന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ബി.എസ്.പി, സമാജ് വാദി പാര്‍ട്ടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് / ടി.ഡി.പി, ഡി.എം.കെ, ബിജു ജനതാദള്‍, ജനതാദള്‍(എസ്) പാര്‍ട്ടികളുമായും ധാരണയിലെത്തി മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ നീക്കം.