കണ്ണൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരിഹാസപൂര്‍വം കേരളത്തിലേക്ക് സ്വാഗതമോതി സിപിഎം.
യുപിയിലെ ആശുപത്രികളുടെ ശോചനീയാവസ്ഥയെ പരിഹസിച്ചുകൊണ്ടാണ് സിപിഎമ്മിന്റെ ട്വിറ്റര്‍ പേജില്‍ യോഗി ആദിത്യനാഥിന് സ്വാഗതം ചെയ്തിരിക്കുന്നത്.
ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്നതിനായാണ് യോഗി കേരളത്തിലെത്തിയത്.
‘എങ്ങനെയാണ് ആശുപത്രികള്‍ നടത്തേണ്ടതെന്ന് പഠിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെ ആശുപത്രികളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു’ എന്നാണ് സിപിഎമ്മിന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചിരിക്കുന്നത്.
We invite UP CM Yogi to visit Kerala Hospitals to learn how to run Hospitals effectively! https://t.co/SzNsMVCDp8
— CPI (M) (@cpimspeak) October 3, 2017
ഖോരക്പുരിലെ ആശുപത്രിയില്‍ 60ല്‍ അധികം കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ട്വീറ്റ്.
ഖോരക്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മസ്തിഷ്കജ്വരം ബാധിച്ച കുട്ടികള്‍ക്ക് ഓക്സിജന്‍ ലഭിക്കാതെയാണ് മരണങ്ങള് സംഭിവച്ചത്.
സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.