കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്നും ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ വിട്ടു നിൽക്കുന്നത് ചർച്ചയാകുന്നു. കണ്ണൂർ ജില്ലയിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇപി ജയരാജൻ എത്തിയില്ല. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ പി ജയരാജൻ പങ്കെടുത്തിരുന്നില്ല.
എന്നാൽ ജാഥാംഗമല്ലാത്തതിനാലാണ് ജാഥയിൽ പങ്കെടുക്കാത്തതെന്നാണ് ഇപി ജയരാജന്റെ വിശദീകരണം. വരും ദിവസങ്ങളിൽ ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമെന്ന് എം വി ഗോവിന്ദനും പറഞ്ഞു. ഇപി ജയരാജന് ജാഥയിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
കോടിയേരിയുടെ മരണത്തിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തന്നെ തഴഞ്ഞ്, ജൂനിയറായ എം വി ഗോവിന്ദനെ തീരുമാനിച്ചതിൽ ഇപി ജയരാജന് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്ന് കുറേക്കാലം പാർട്ടി പരിപാടികളിൽ ഇപി ജയരാജൻ സജീവമായി പങ്കെടുത്തിരുന്നില്ല. പ്രായമേറിയതിനാൽ സജീവപ്രവർത്തനത്തിൽ നിന്നും പിന്മാറുന്നതായും ജയരാജൻ നേരത്തെ പ്രസ്താവിച്ചിരുന്നു.
അതേസമയം ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി ഇന്ന് രാവിലെ കണ്ണൂർ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ഹാളിൽ പൗര പ്രമുഖരുമായി എം വി ഗോവിന്ദൻ ചർച്ച നടത്തും. തുടർന്ന് മാധ്യമങ്ങളെ കാണും. രാവിലെ 10ന് പിണറായി, 11ന് തലശേരി, വൈകിട്ട് മൂന്ന് മണിക്ക് ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.