അധികാര കൊതി ഉള്ളവരെ എം.പിയാക്കിയും മുന്നണിയിലെടുത്തും വിശാല ഇടതു സഖ്യം രൂപീകരിക്കുന്ന ഇടപാട് ഇനിയെങ്കിലും സി.പി.എം അവസാനിപ്പിക്കണം. ജനതാദളില്‍ നിന്നും ജെ.ഡി.യുവിലും പിന്നീട് യു.ഡി.എഫിലും ചേക്കേറി സി.പി.എമ്മിനെതിരെ പട നയിച്ച എം.പി വീരേന്ദ്രകുമാറിന് വീണ്ടും രാജ്യസഭയില്‍ എത്താന്‍ അവസരം സൃഷ്ടിച്ചത് എന്തായാലും ശരിയായ നടപടിയല്ല.
സി.പി.എമ്മിലും ഇടതുപക്ഷത്തും അനവധി നേതാക്കളും പ്രവര്‍ത്തകരും ഉള്ള സമയത്താണ് വീരേന്ദ്രകുമാറിന് വീര പരിവേഷം നല്‍കി സി.പി.എം ഡല്‍ഹിക്ക് അയച്ചത്.
പാര്‍ലമെന്റില്‍ സി.പി.എമ്മിന് അംഗങ്ങള്‍ കുറവായ ഘട്ടത്തില്‍ തന്നെ എടുത്ത ഈ തീരുമാനം എന്തിന്റെ പേരിലായാലും സി.പി.എം അണികളെ സംബന്ധിച്ച് ബോധ്യപ്പെടുന്ന കാര്യവുമല്ല. ഒറ്റക്ക് മസരിച്ചാല്‍ ഒരു പഞ്ചായത്തില്‍ പോലും ജയിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയാണ് വീരേന്ദ്രകുമാറിന്റെ പുതിയ ലോകതാന്ത്രിക് ദള്‍.
ഇപ്പോള്‍ ഇടതുപക്ഷ മുന്നണിയില്‍ ഉള്‍പ്പെടുത്തിയ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്ക് മാത്രമല്ല ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ്സ്(ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് എന്നീ പാര്‍ട്ടികള്‍ക്കും കേരളത്തിന്റെ മണ്ണില്‍ കാര്യമായ ഒരു സ്വാധീനവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
നിലവില്‍ ഇടതുപക്ഷ മുന്നണിയില്‍ സി.പി.എം കഴിഞ്ഞാല്‍ ചില ജില്ലകളിലെങ്കിലും സ്വാധീനം ഉള്ള പാര്‍ട്ടി സി.പി.ഐ മാത്രമാണ്. ജനതാദള്‍ (എസ്) , എന്‍.സി.പി , കോണ്‍ഗ്രസ്സ് (എസ്) തുടങ്ങിയ പാര്‍ട്ടികളൊക്കെ വെറും പടമാണ്. സി.പി.എമ്മിന്റെ വോട്ടിലാണ് ഈ പാര്‍ട്ടികളൊക്കെ ആളാകുന്നതും തിരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിമാരാകുന്നതും.
ജനസ്വാധീനമുള്ള ഘടകകക്ഷികള്‍ സി.പി.എമ്മിന് ഇല്ല എന്നതാണ് ഇടതുപക്ഷത്തിന്റെ അപചയം. ഇതു തന്നെയാണ് ഇടതു മുന്നണി നേരിടുന്ന പ്രധാന വെല്ലുവിളിയും. സി പി.എമ്മിന്റെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും സംഘടനാ അടിത്തറയാണ് ഇടതുപക്ഷത്തിന്റെ എക്കാലത്തേയും കരുത്ത്.
എന്നാല്‍, യു.ഡി.എഫിലെ കാര്യം അങ്ങനെയല്ല. അവിടെ കോണ്‍ഗ്രസ്സിനെ പോലെ തന്നെ വലിയ വോട്ട് ബാങ്കുള്ള മുസ്ലീംലീഗ് പ്രധാന ഘടക കക്ഷിയാണ്. മധ്യകേരളത്തില്‍ സ്വാധീനമുള്ള കേരള കോണ്‍ഗ്രസ്സും കൂടി ചേരുമ്പോള്‍ യു.ഡി.എഫ് ഒരു മുന്നണി എന്ന രൂപത്തില്‍ ശക്തമാണ്.
ഇടതുപക്ഷ മുന്നണിയില്‍ യു.ഡി.എഫിനെ മൊത്തം ചെറുക്കാനുള്ള ശേഷി സി.പി.എമ്മിന് കേരളത്തില്‍ ഉണ്ട് എന്ന ഒറ്റ കാരണത്താലാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്.
ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണിയെ സംബന്ധിച്ചും അത് ഒരു കടലാസ് മുന്നണിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ബി.ഡി.ജെ.എസിന് ഒരു സ്വാധീനവും ജനങ്ങളില്‍ ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. വോട്ട് നേട്ടം പൂര്‍ണ്ണമായും ബി.ജെ.പിക്ക് മാത്രം അവകാശപ്പെട്ടതാണ്.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും പ്രതിപക്ഷവുമായി കാര്യമായി ഏറ്റുമുട്ടല്‍ നടക്കുന്നത് സി.പി.എം നേരിട്ടായിരിക്കും. തൃശൂര്‍, കൊല്ലം, ഇടുക്കി ജില്ലകളില്‍ മാത്രമായി ഒതുങ്ങുന്നതാണ് സി.പി.ഐയുടെ ജനസ്വാധീനം. ഒറ്റയ്ക്ക് വിജയിക്കാനുള്ള ശേഷി അവര്‍ക്കുമില്ല.
ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ ആളില്ലാ പാര്‍ട്ടികളെ കൂട്ടി ഇടതുപക്ഷ മുന്നണി വിപുലീകരിച്ചത് യുക്തിക്ക് നിരക്കാത്ത നടപടിയാണ്.
എന്തിനാണ് ഇത്തരം ഘടകകക്ഷികളെ ഉള്‍പ്പെടുത്തി സീറ്റുകള്‍ വീതം വയ്ക്കുന്ന സാഹചര്യം ഉണ്ടാകുന്നതെന്ന ചോദ്യം സി.പി.എം അണികള്‍ തന്നെ ഇപ്പോള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ഇതു കൊണ്ട് ആ പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടാകുക എന്നതിലപ്പുറം മറ്റൊന്നും സംഭവിക്കാനില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് വിപുലീകരിച്ചിരിക്കുന്നത്. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റു തര്‍ക്കത്തെത്തുടര്‍ന്നാണ് വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫിലേക്ക് പോയത്. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുഡിഎഫുമായി അകന്നു. എല്‍ഡിഎഫുമായി വീണ്ടും അടുത്ത വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റു നല്‍കിയാണ് മുന്നണി ബന്ധം ശക്തമാക്കിയത്.
ആര്‍.ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (ബി) ഇപ്പോള്‍ ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. കെ.ബി.ഗണേഷ് കുമാറാണ് നിയമസഭയിലെ പാര്‍ട്ടിയുടെ ഏക പ്രതിനിധി. സ്‌കറിയാ തോമസ് വിഭാഗവുമായി ലയിക്കാന്‍ പാര്‍ട്ടി നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ശബരിമല വിഷയം സജീവമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ള വിഭാഗത്തിന്റെ മുന്നണി പ്രവേശനം വേഗത്തിലാക്കിയത്. മറ്റു പാര്‍ട്ടികളുമായി ലയിക്കാതെതന്നെ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ മുന്നണിയിലെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മാണി വിഭാഗത്തില്‍നിന്ന് രാജിവച്ചാണ് 2016ല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജാണ് ചെയര്‍മാന്‍. രൂപീകരണഘട്ടം മുതല്‍ ഇടതുമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. കാല്‍ നൂറ്റാണ്ടായി എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുകയാണ് ഐഎന്‍എല്‍. കാസര്‍ഗോഡ് മണ്ഡലത്തിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ഐഎന്‍എല്ലിന് ശക്തമായ സാന്നിധ്യമാകാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.
ജെഎസ്എസ്, ആര്‍എസ്പി (ലെനിനിസ്റ്റ്), ആര്‍എസ്പി (ലെഫ്റ്റ്), ഫോര്‍വേഡ് ബ്ലോക്ക്, സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, ലാലു പ്രസാദ് യാദവിന്റെയും മുലായം സിങിന്റെയും പാര്‍ട്ടികള്‍, സിഎംപിയിലെ ഒരു വിഭാഗം എന്നിവ ഇടതു മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കത്തു നല്‍കിയിട്ടുണ്ട്.
ഈര്‍ക്കിള്‍ പാര്‍ട്ടികളെ മുന്നണിയിലെടുത്ത് ആളാകാന്‍ അവസരം നല്‍കുന്ന ഏര്‍പ്പാട് നിര്‍ത്തി പകരം ജനസ്വാധീനമുള്ള പാര്‍ട്ടികളെയും നേതാക്കളെയും സഹകരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കേണ്ടത്. സ്വന്തമായി കരുത്ത് കാട്ടാനുള്ള ശേഷിയുള്ളപ്പോള്‍ തന്നെ മുന്നണി വിപുലീകരണം നടത്തുന്നതിന്റെ യുക്തി പാര്‍ട്ടി അണികളെ പോലും ബോധ്യപ്പെടുത്താന്‍ സി.പി.എമ്മിനു കഴിഞ്ഞിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.